ദെഹ്‌റാദൂണ്‍: ഉത്തരാഖണ്ഡില്‍ കടുവകളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ടുകള്‍. 2006-നും 2022-നുമിടയില്‍ 314 ശതമാനം വര്‍ധനവിന് സംസ്ഥാനം സാക്ഷ്യം വഹിച്ചു. വനംവകുപ്പ് അധികൃതര്‍ തന്നെയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടത്. 2006-ല്‍ 178 കടുവകളെന്നത് 2022-ല്‍ 560 ആയി ഉയര്‍ന്നതായും ഉത്തരാഖണ്ഡ് ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ സമീര്‍ സിന്‍ഹ പ്രതികരിച്ചു.
കടുവകളുടെ ആവാസവ്യവസ്ഥാ സംരക്ഷണത്തിനായി വനംവകുപ്പ് വര്‍ഷങ്ങളോളം നടപ്പാക്കിയ പദ്ധതികള്‍ ഫലം ചെയ്തുവെന്ന സൂചനയാണ് പുതിയ കണക്കുകള്‍ നല്‍കുന്നത്. അതേ സമയം കടുവകളുടെ ആക്രമണത്തിന് ഇരയാകുന്നവരുടെ എണ്ണം കൂടുകയും ചെയ്തു.
2021-ല്‍ കടുവകളുടെ ആക്രമണങ്ങളില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടപ്പോള്‍ 16 പേര്‍ 2022-ല്‍ മരണമടഞ്ഞു. 2023-ല്‍ 17 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേല്‍ക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 2021-ല്‍ എട്ടു പേര്‍ക്ക് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റപ്പോള്‍ 2022-ല്‍ ഇത് പത്ത് പേരിലേക്കെത്തി. 2023-ല്‍ ഒന്‍പതുപേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു.
രാജ്യത്ത് കടുവകളുടെ സംരക്ഷണത്തിനായി പ്രാബല്യത്തില്‍ വന്ന പ്രൊജക്ട് ടൈഗര്‍ എന്ന പദ്ധതി കഴിഞ്ഞ വര്‍ഷമാണ് അതിന്റെ 50-ാം വാര്‍ഷികം ആഘോഷിച്ചത്. 1973-ല്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 1,411 കടുവകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. 2022-ല്‍ രാജ്യത്താകെയുള്ള കടുവകളുടെ എണ്ണം 3,167 ആണെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ടത്.