തൃശൂർ: ഗുരുവായൂരിൽ സ്വർണവ്യാപാരിയുടെ വീട്ടിൽ നിന്നും വൻ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. തമിഴ്‌നാട് ട്രിച്ചി സ്വദേശി ധർമരാജൻ ആണ് പിടിയിലായത്. ഡൽഹിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ കേരളത്തിൽ എത്തിച്ചു.. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഗൾഫിൽ സ്വർണ വ്യാപാരം നടത്തുന്ന കൊരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്ന് മൂന്നു കിലോ സ്വർണവും രണ്ടുലക്ഷം രൂപയുമാണ് മോഷണം പോയത്. സ്വർണത്തിന് ഏകദേശം ഒന്നരക്കോടി രൂപ വില വരും. ഒരുകിലോ തൂക്കമുള്ള രണ്ട് സ്വർണക്കട്ടി, 120 ഗ്രാം, 100 ഗ്രാം തൂക്കമുള്ള മൂന്ന് സ്വർണക്കട്ടി, 40 പവൻ വരുന്ന സ്വർണാഭരണം എന്നിവ മോഷണം പോയിരുന്നു. മെയ് പന്ത്രണ്ടിന് രാത്രി 7.40നും 8.40നും ഇടയിൽ ആയിരുന്നു മോഷണം. പ്രതിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു.
രാത്രി 9.30ന് വീട്ടുകാർ പുറത്തുപോയി തിരിച്ചെത്തിയപ്പോൾ വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽവാസികളെ വിളിച്ചു വരുത്തി പരിശോധിച്ചപ്പോൾ മുകൾനിലയിൽ വാതിൽ തുറന്നുകിടക്കുന്നത് കണ്ടു. പരിശോധനയിൽ മോഷണം നടന്നതായി മനസ്സിലായി.
കിടപ്പുമുറിയിൽ കയറി അലമാര കുത്തിത്തുറന്നായിരുന്നു മോഷണം. മറ്റു മുറികൾ തുറന്നിരുന്നില്ല.