ഹൂസ്റ്റണ്‍: യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ നാശംവിതച്ച ചുഴലിക്കാറ്റുകളില്‍ കുട്ടികള്‍ അടക്കം എട്ടു പേര്‍ മരിച്ചു. മിസിസിപ്പി, ടെക്‌സസ്, ലുയീസിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി പേര്‍ക്കു പരിക്കേറ്റതായും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു.
നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതില്‍ നടക്കുകയാണ്. കെട്ടിടങ്ങളുടെയും മരങ്ങളുടെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ നടത്തുന്നതു ദുഷ്‌കരമാണെന്ന് അധികൃതര്‍ പറഞ്ഞു. കുറഞ്ഞത് 11 ചുഴലിക്കാറ്റുകളാണ് മൂന്നു സംസ്ഥാനങ്ങളിലും വീശിയത്.
ചുഴലിക്കൊടുങ്കാറ്റ് കിഴക്കന്‍ തീരത്തേക്ക് നീങ്ങിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഒഹിയോ, സൗത്ത് കാരലിന, വിര്‍ജീന എന്നീ സംസ്ഥാനങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.