‘ഡല്‍ഹി ചലോ’ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് വന്‍ ഗതാഗതക്കുരുക്ക്. കര്‍ഷക മാര്‍ച്ച് തടയാന്‍ ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പ്രധാന അതിര്‍ത്തി റോഡുകളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നിലവിലെ സ്ഥിതിയില്‍, ഡല്‍ഹിയില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ എടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹിയെ ഗുരുഗ്രാമുമായി ബന്ധിപ്പിക്കുന്ന NH-48 ലും ഗതാഗതം മന്ദഗതിയിലാണ്. ഇതുവഴി വരുന്ന വാഹനങ്ങളെ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്. കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടയാന്‍ ഗാസിപൂര്‍, സിംഗ്, ടിക്രി എന്നിവയുള്‍പ്പെടെ നിരവധി അതിര്‍ത്തി പോയിന്റുകള്‍ പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചിരിക്കുകയാണ്. അതിര്‍ത്തികള്‍ അടച്ചതും വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി മാറി. ഡല്‍ഹിയെ ഗാസിയാബാദും ഉത്തര്‍പ്രദേശിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന ഗാസിപൂര്‍, ചില്ല അതിര്‍ത്തികളിലെ ഹൈവേകളില്‍ കാറുകളുടെ നീണ്ട ക്യൂവാണ്.