വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാസ്റ്റര്‍ ആമസോണ്‍ പ്രൈമില്‍ മാത്രം റിലീസ് ചെയ്യാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രതികരണവുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
സിനിമ തിയേറ്ററില്‍ റീലീസ് ചെയ്തതിന് ശേഷം മാത്രമായിരിക്കും ആമസോണ്‍ പ്രൈമില്‍ ലഭ്യമാകുക എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിനിമയുടെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇതെ തുടര്‍ന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ തമിഴിലെ ബിഗ് റിലീസുകളിലൊന്നാണ്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മാളവിക മോഹനന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, രമ്യ സുബ്രഹ്മണ്യന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. സംഗീതം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സത്യന്‍ സൂര്യനാണ്. എക്‌സ് ബി ക്രിയേറ്ററിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
അതേസമയം, സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിച്ച്, ജ്യോതിക പ്രധാന വേഷത്തിലെത്തുന്ന ‘പൊന്‍മകള്‍ വന്താല്‍’ എന്ന സിനിമ ലോക്ഡൗണ്‍ കാരണം തിയേറ്ററുകള്‍ക്ക് പകരം ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാസ്റ്ററിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.