ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്. പ്രമുഖ ഡിജിറ്റൽ പേയ്മെൻ്റ്സ് കമ്പനിയായ പേടിഎം പിന്മാറിയതോടെയാണ് മാസ്റ്റർകാർഡ് ഈ സ്ഥാനത്തെത്തുന്നത്. 2023 വരെ കരാറുണ്ടെങ്കിലും പേടിഎം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. 2022-23 സീസണിലാവും പ്രാഥമികമായി മാസ്റ്റർകാർഡ് ബിസിസിഐ മത്സരങ്ങൾ സ്പോൺസർ ചെയ്യുക.
ഐസിസി, എസിസി ടൂർണമെൻ്റുകൾ ഒഴികെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ പരമ്പരകളും മാസ്റ്റർകാർഡ് ആവും സ്പോൺസർ ചെയ്യുക. പുരുഷ, വനിതാ രാജ്യാന്തര മത്സരങ്ങൾ, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടർ 19, അണ്ടർ 23 മത്സരങ്ങൾ തുടങ്ങിയവയൊക്കെ മാസ്റ്റർകാർഡ് സ്പോൺസർ ചെയ്യും.
യുവേഫ ചാമ്പ്യൻസ് ലീഗ്, ഗ്രാമിസ്, ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെൻ്റുകൾ, കാൻസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ മേഖലകളിൽ സ്പോൺസർഷിപ്പുള്ള മാസ്റ്റർകാർഡ് ബിസിസിഐയുമായുള്ള സഹകരണത്തിലൂടെ ക്രിക്കറ്റിലേക്ക് കടക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയാണ് മാസ്റ്റർകാർഡ് ബ്രാൻഡ് അംബാസിഡർ.