വാഷിംഗ്ടണ്‍: പാരിസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബ്ദുല്‍ ഹമീദ് അബൗദ് ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ പാരിസിലെ സെയിന്റ് ഡെനിസ് മേഖലയിലെ ഒരു ഫ്‌ളാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്ന് ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയര്‍ അറിയിച്ചു.
മൊറോക്കോ വംശജനായ അബ്ദുല്‍ ഹമീദ്(28) ബ്രസല്‍സ് നിവാസിയാണ്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ ഫ്‌ളാറ്റില്‍ വച്ച് ഒരു സ്ത്രീയും ഒരു പുരുഷനും സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ കെട്ടിവെച്ച് പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍ പുരുഷന്‍ അബ്ദുല്‍ ഹമീദ് ആണെന്നാണ് കരുതുന്നത്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ഫ്രഞ്ച് പൊലീസിന്റെ ഓപ്പറേഷന്‍ ആരംഭിച്ചത്. സെന്റ് ഡെന്നിസിലെ ഫല്‍റ്റുകളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് സംശയിച്ചാണ് നൂറിലേറെ ഉദ്യോഗസ്ഥര്‍ അടങ്ങിയ സംഘം തെരച്ചില്‍ നടത്തിയത്.
തിരച്ചില്‍ നടത്തിയ പോലീസിനുനേരെ ചാവേറാക്രമണം നടത്തിയിരുന്നു. വനിതാ ചാവേറുകളാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഇവര്‍ പോലീസിനുനേരേ എ.കെ47 തോക്കുപയോഗിച്ച് വെടിവെച്ചു.
വെടിയുതിര്‍ത്ത മൂന്നു പേരെയും അപ്പാര്‍ട്ട്‌മെന്റിനു സമീപത്തു നിന്ന് ഒരു സ്ത്രീ അടക്കം രണ്ടു പേരെയും അറസ്റ്റ് ചെയ്‌തെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഹമീദിനെ കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ ഔദ്യോഗിക നിലപാട്. വനിതാ ചാവേര്‍ ഇയാളുടെ ഭാര്യയാണെന്നും ബന്ധുവാണെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.