ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ശ്രീലങ്ക; നിയമം ലംഘിച്ചാല്‍ 10 വര്‍ഷം ജയില്‍ശിക്ഷ

കൊളംബോ: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ദേശീയ ടീമിലെ അഴിമതി ആരോപണങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ഇതിന്റെ ഭാഗമായി കളിയിലെ ഒത്തുകളി രാജ്യത്ത് ക്രമിനല്‍ കുറ്റമായി പ്രഖ്യാപിച്ചു.

ഇതു സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ തിങ്കളാഴ്ചയാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതോടെ ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഇതോടെ ക്രിമിനല്‍ കുറ്റമായി. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ഇതിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ബില്‍ അനുസരിച്ച്, വാതുവെയ്പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികളും കുറ്റകരമാകും. ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഐ.സി.സിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് മാത്രമല്ല, ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ യൂണിറ്റിനും ഇത്തരം കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും.

Top