ദൈവപുത്രന്‍മാരെ പോലും വെറുതെ വിടാത്ത വൈറസാണ് കൊറോണ വൈറസ്.
മാര്‍പാപ്പയുടെ വസതിയില്‍ വൈറസ് ബാധയേറ്റത് ഇറ്റാലിയന്‍ വംശജനായ വൈദികനാണ്.
ഇതുപോലെ ജാതി – മത- വര്‍ണ്ണ ഭേദമന്യേ ഈ മഹാമാരി മനുഷ്യരിലേക്ക് കാട്ടുതീ പോലെയാണ് പടരുന്നത്.
മനുഷ്യന്റെ ഭാഗത്ത് നിന്നും വരുന്ന വീഴ്ചകളാണ് രോഗവ്യാപനവും നിലവില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന വീഴ്ചയാണ് യൂറോപ്യന്‍ രാജ്യങ്ങളെ കൂടുതല്‍ അപകട സ്ഥിതിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. ഇവിടങ്ങളിലെ ജീവിതരീതിയും, നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വലിയ തിരിച്ചടിയായിട്ടുണ്ട്.
ഇന്ത്യയിലും കൊറോണ വൈറസ് പടരാന്‍ കാരണം ചില വ്യക്തികള്‍ അനുസരണക്കേട് കാട്ടിയതുകൊണ്ടാണ്. കേരളത്തിലും സ്ഥിതി അങ്ങനെ തന്നെയാണ്. ഇവിടെ ആദ്യം ഭയം വിതച്ചത് ഇറ്റലിയില്‍ നിന്നും വന്ന കുടുംബമാണ്. തൊട്ടു പിന്നാലെ കാസര്‍ഗോഡുകാരനും വടകരക്കാരനും രോഗം പടര്‍ത്തുകയായിരുന്നു.
അറിഞ്ഞു കൊണ്ട് ചെയ്ത വലിയ തെറ്റാണിത്.രാജ്യദ്രോഹം എന്ന് തന്നെ ഈ സമീപനത്തെ വിളിക്കേണ്ടി വരും. തനിക്ക് കൊറോണയെങ്കില്‍ മറ്റുള്ളവര്‍ക്കും പകരട്ടെ എന്ന കാസര്‍ഗോഡ് സ്വദേശിയുടെ നിലപാട് തന്നെ അടികിട്ടാത്തതിന്റെ കുഴപ്പമാണ്.
രോഗവിവരം മറച്ച് വയ്ക്കുന്നതും രോഗം വരാന്‍ സാധ്യതയുള്ളവരെ ഒളിപ്പിച്ച് വയ്ക്കുന്നതും രാജ്യത്തിനോട് ചെയ്യുന്ന വലിയ ദ്രോഹമാണ്.
അത്തരമൊരു വലിയ തെറ്റാണ് അമൃതാനന്ദമയീ മഠവും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ആര്‍ഡിഒയ്ക്കും പൊലീസിനുമെല്ലാം മഠത്തില്‍ കയറേണ്ടി വന്നിരിക്കുന്നത്.
വിദേശികളായ 709പേരാണ് നിലവില്‍ മഠത്തിലുളളത്. ഇതില്‍ നിരീക്ഷണ കാലയളവില്‍ വന്ന 68 പേരുമുണ്ട്. ഇവരെ ഇപ്പോള്‍ പ്രത്യേക കെട്ടിടത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇതിന് പുറമേ തദ്ദേശീയരായ 1702 അന്തേവാസികളും മഠവുമായി ബന്ധപ്പെട്ടുണ്ട്.
കൊറോണ മുന്‍ കരുതലിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളാണ് അമൃതാനന്ദമയീമഠം ഇവിടെ ലംഘിച്ചിരിക്കുന്നത്. വിദേശ അന്തേവാസികളുടെ വിവരങ്ങളാണ് മഠം അധികൃതര്‍ മറച്ചു വെച്ചിരുന്നത്. ഇതിനെതിരെ കേസെടുക്കണമെന്നതാണ് ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരും ആവശ്യപ്പെട്ടിരിക്കുന്നത്. തികച്ചും ന്യായമായ ആവശ്യമാണിത്. അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമായി മാത്രം ഇന്ത്യയില്‍ പ്രത്യേക നിയമപരിരക്ഷയൊന്നുമില്ല. ഒരു ആള്‍ദൈവത്തിനും ഈ ദൈവത്തിന്റെ നാട് ചുവപ്പ് പരവതാനി വിരിച്ചിട്ടുമില്ല. ഇവിടെ എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണ്. എങ്കില്‍ മാത്രമേ കൊറോണ വൈറസിനെ തുരത്താന്‍ സാധിക്കുകയൊള്ളൂ. ഭക്തരെ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അമൃതാനന്ദമയിയോട് മാത്രമല്ല, സകല ആള്‍ദൈവങ്ങളോടും ആരോഗ്യ പ്രവര്‍ത്തകരും ഭരണകൂടവും നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്പലങ്ങളിലും പള്ളികളിലും ചര്‍ച്ചുകളിലുമെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ലക്ഷ്മണരേഖ കടക്കാന്‍, അമൃതാനന്ദമയീ മഠത്തിനും അവകാശമില്ല.
ഇന്ത്യന്‍ ഭരണാധികാരികള്‍ക്കും അവരെ നിയന്ത്രിക്കുന്ന ശക്തിക്കും വേണ്ടപ്പെട്ടവരാണെന്ന ബോധമാണ് നിയമ ലംഘനത്തിന് മഠത്തെ പ്രേരിപ്പിക്കുന്നതെങ്കില്‍ ആ പരിപ്പ് എന്തായാലും ഈ മണ്ണില്‍ വേവുകയില്ല.
വലിയ തെറ്റാണ് മഠം അധികൃതര്‍ ഇവിടെ ചെയ്തിരിക്കുന്നത്. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
മാതാ അമൃതാനന്ദമയി മഠം ഏറ്റവും കുടുതല്‍ വിദേശികള്‍ വന്നുപോകുന്ന സ്ഥലമാണ്.അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശങ്ങളും,നിരീക്ഷണങ്ങളും അവരെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്തിരുന്നതാണ്. ഇക്കാര്യം ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിട്ടുണ്ട്.
എന്നിട്ടും കൊറോണ ലക്ഷണങ്ങള്‍ ഉണ്ടെന്ന് സംശയിക്കുന്ന 68പേരെ മഠം രഹസ്യമായി സംരക്ഷിക്കുകയും,വിവരങ്ങള്‍ കൃത്യമായി അധികൃതര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുകയായിരുന്നു.
യാതൊരു സാമൂഹിക പ്രതിബദ്ധതയും തങ്ങള്‍ക്ക് ഇല്ലെന്ന് വീണ്ടും അമൃതാനന്ദമയി മഠം തെളിയിച്ചിരിക്കുന്നതായാണ് ആ നാട്ടിലെ പൊതു പ്രവര്‍ത്തകരും ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നത്.
ആലപ്പാട് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിരവധി തവണയാണ് മഠം സന്ദര്‍ശിക്കുകയും, വിവരങ്ങള്‍ ശേഖരിക്കാന്‍ മുതിരുകയും ചെയ്തിട്ടുള്ളത്. ഭക്തര്‍ക്കുള്ള ദര്‍ശനവും ആലിംഗനവും ഒഴിവാക്കാനും മെഡിക്കല്‍ സംഘം അമൃതാനന്ദമയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ തുടക്കം മുതല്‍ വ്യക്തമായ വിവരങ്ങള്‍ കൈമാറുന്നതില്‍ മഠം അധികൃതര്‍ നിഷേധാത്മക നിലപാടാണെടുത്തിരുന്നത്.ജില്ലാ കളക്ടര്‍ ഇടപെട്ടു വിളിച്ചയോഗത്തില്‍ പോലും മഠം പ്രതിനിധി ആവര്‍ത്തിച്ച് പറഞ്ഞത് പഞ്ചായത്ത് അധികൃതരോ ആരോഗ്യ പ്രവര്‍ത്തകരോ മഠം സന്ദര്‍ശിക്കുകയോ വിവരങ്ങള്‍ ആരായുകയോ ചെയ്തിട്ടില്ല എന്ന പച്ചകള്ളമാണ്.എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ കൃത്യമായി തുടക്കം മുതല്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് നല്‍കിയതിനാല്‍ ഈ ‘ആത്മീയ’ കള്ളവും പൊളിയുകയാണുണ്ടായത്.
സന്യാസദീക്ഷ നടക്കുമ്പോള്‍ പറഞ്ഞത് മഠത്തില്‍ 22 വിദേശികള്‍ ഉണ്ടെന്നതായിരുന്നു. സംശയം തോന്നി മുഴുവന്‍ ലിസ്റ്റും പരിശോധിച്ചപ്പോഴാണ് അടുത്തിടെ വന്ന ഇറ്റലി, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ 68 വിദേശികളെ കണ്ടെത്തിയിരുന്നത്.
ഒളിച്ചുകളി എന്തിന് എന്ന് ചോദിച്ചപ്പോള്‍, സ്വന്തമായി ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി എന്ന മറുപടിയാണ് ഉണ്ടായതത്രേ. ഈ വിശദീകരണങ്ങള്‍ പാടേ തള്ളിയാണ് 68 പേരുടെയും സ്രവപരിശോധന അധികൃതരിപ്പോള്‍ നടത്തിയിരിക്കുന്നത്.
ഈ 68പേരേയും ആലപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്റെയും സ്ഥലം വാര്‍ഡ് മെമ്പറുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ആംബുലന്‍സ് വരുത്തിയാണ് കൊറോണ ടെസ്റ്റിന് വിധേയരാക്കിയിരുന്നത്. ഇതിന് പുറമെ മഠത്തില്‍ ജോലിചെയ്യുന്നവരും,നാട്ടുകാരും,ക്ലോസ് കോണ്‍ടാക്ട് ഉണ്ടായിരുന്നവരുമായ നൂറുകണക്കിനുപേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്.
ഒരു കൊറോണ ബാധിതന്‍ മതി നാടാകെ വൈറസ് പടരാന്‍ എന്ന ബോധമാണ് ഇനിയെങ്കിലും അമൃതാനന്ദമയീ മഠത്തിനും വേണ്ടത്.
മഠത്തില്‍ നിന്നും ലഭിക്കുന്ന ആത്മീയമായ ‘കവചം’, വൈറസില്‍ നിന്നും സുരക്ഷ ഒരുക്കുമെന്ന് ഏതെങ്കിലും വിശ്വാസി കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലായിരിക്കും. മാര്‍പാപ്പയുടെ വസതിയെ പോലും ആക്രമിച്ച വൈറസാണിത്.ഇവിടെ പ്രാര്‍ത്ഥനകള്‍ക്കും അപ്പുറം കരുതലും ജാഗ്രതയുമാണ് വേണ്ടത്.
മഠത്തില്‍ അഭയം തേടിയ വിദേശികളും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം.
കൊറോണ വൈറസ് ബാധയേറ്റ ബ്രിട്ടീഷ് പൗരനടക്കം അഞ്ചുപേരാണ് രോഗം ഭേദമായി കളമശ്ശേരി മെഡിക്കല്‍ കോളജിനോടിപ്പോള്‍ ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്. അത് ആത്മീയ കേരളമായത് കൊണ്ടല്ല, മറിച്ച് ആരോഗ്യ കേരളമായത് കൊണ്ടാണ്. ഇക്കാര്യവും ഓര്‍ക്കുന്നത് നല്ലതാണ്.
Staff Reporter