നികുതി പിരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് മാത്യു കുഴല്‍ നാടന്‍ നിയമസഭയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നികുതി പിരിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് മാത്യു കുഴല്‍ നാടന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയെന്നും കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനം കുറ്റംപറയുകയാണെന്നും മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ പറഞ്ഞു.

കടമെടുക്കുന്നതിന്റെ പരിധി കേന്ദ്രം കുറച്ചെന്ന് പറയുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 39.1 ശതമാനമാണ് കേരളത്തിന്റെ കടബാധ്യത. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 30 ശതമാനത്തിലും താഴെയായിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഏഴ് വര്‍ഷത്തിനുള്ളിലാണ് ഇത്രയും വലിയ കടബാധ്യത ഉണ്ടായത്. എന്നിട്ട് പറയുകയാണ്, ഇനിയും കടമെടുക്കാനുള്ള അനുമതി തരണമെന്ന്, മാത്യു കുഴല്‍ നാടന്‍ പറഞ്ഞു. കേരള സദസില്‍ സര്‍ക്കാരും ധനമന്ത്രിയും ജനങ്ങളോട് പറഞ്ഞത് 57,000 കോടി രൂപയാണ് കേന്ദ്രത്തില്‍നിന്ന് കിട്ടാനുള്ളതെന്നായിരുന്നു, എന്നാല്‍, കേന്ദ്രത്തിന് ധനമന്ത്രി അയച്ച കത്തില്‍ പറയുന്നത് 31,869 കോടി രൂപയാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

39.1 ശതമാനം കടബാധ്യതയുമായി നിന്ന് ഇനിയും കടമെടുക്കാന്‍ ഞങ്ങള്‍ക്ക് അനുമതി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിനെ നിങ്ങള്‍ കുറ്റം പറയാന്‍ പാടില്ല. സര്‍ക്കാര്‍ പിരിച്ചെടുക്കാന്‍ പൈസ എത്രയുണ്ട് എന്ന് നിയമസഭയോടോ ജനങ്ങളോടോ പറയാന്‍ സര്‍ക്കാര്‍ തയ്യാറാവണ്ടേ. 28,257 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുക്കാനുള്ളത്, മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

Top