തിരുവനന്തപുരം: മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിക്കാതെ യുഡിഎഫ്. മാസപ്പടി വിവാദത്തില്‍ സഭയില്‍ മാത്യു കുഴല്‍നാടന്റെ ഒറ്റയാള്‍ പോരാട്ടം.പണം കൈപ്പറ്റിയവരില്‍ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെ യുഡിഎഫ് പിന്‍മാറിയെങ്കിലും മാസപ്പടി വിഷയം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഒറ്റയ്ക്ക് സഭയില്‍ ഉന്നയിച്ചു. എന്നാല്‍ പ്രതിപക്ഷം പിന്തുണയ്ക്കാന്‍ തയ്യാറായില്ല.
സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ കോഴ വിവാദം സഭയില്‍ പറഞ്ഞ് തുടങ്ങിയതോടെ തന്നെ സ്പീക്കര്‍ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കര്‍ പറഞ്ഞതോടെ സഭയില്‍ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴല്‍നാടനും തിരിച്ച് ചോദിച്ചു. സംസാരം തടസപ്പെടുത്താന്‍ ശ്രമിച്ച സ്പീക്കറോട് കുഴല്‍നാടന്‍ കയര്‍ത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയില്‍ പറയുന്നു. എന്നാല്‍ ഈ വിഷയം സംസാരിക്കും മുന്‍പെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴല്‍നാടന്‍ ഉയര്‍ത്തി. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കര്‍ മറുപടി നല്‍കി.
ബഹളം വച്ച് യാഥാര്‍ത്ഥ്യങ്ങളെ മാറ്റാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുന്നില്‍ യാഥാര്‍ഥ്യം പറഞ്ഞേ പറ്റൂവെന്നും കുഴല്‍ നാടന്‍ സഭയില്‍ പറഞ്ഞു. എന്നാല്‍ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ കുഴല്‍നാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കര്‍ അറിയിച്ചു.