തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും സി.എം.ആര്‍.എല്‍ കമ്പനി പണം നല്‍കിയത് തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനത്തിന് സഹായം കിട്ടാനാണെന്ന് മാത്യൂകുഴല്‍നാടന്‍ എം.എല്‍.എ. വീണാവിജയന് സി.എം.ആര്‍.എല്‍ കമ്പനി മാസപ്പടി എന്തിനുനല്‍കി എന്നതിനുള്ള ഉത്തരമാണിത്. വര്‍ഷങ്ങളോളം സി.എം.ആര്‍.എല്ലിന് കരിമണല്‍ ഖനനം ചെയ്യാനായി എല്ലാ നിയമങ്ങളും മാറ്റിയെന്നും മൂന്നുവര്‍ഷമായി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടക്കുന്നതായും എം.എല്‍.എ ആരോപിച്ചു.
ഏകദേശം 90 കോടിയോളം രൂപയാണ് വിവിധ രാഷ്ട്രീയക്കാര്‍ക്കുള്‍പ്പെടെ കമ്പനി സംഭാവന നല്‍കിയത്. ഇതില്‍ വലിയൊരു ശതമാനം തുക കിട്ടിയത് മുഖ്യമന്ത്രിക്കും മകള്‍ക്കുമാണ്. സി.എം.ആര്‍.എല്ലും വീണാവിജയനും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ രണ്ടരമാസമായിട്ടും നടപടിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മാസപ്പടി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ദിവസങ്ങള്‍ക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ച എതിര്‍കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള 12 പേര്‍ക്കെതിരേയാണ് ഹൈകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ രേഖയിലെ കാര്യങ്ങള്‍ പ്രകാരമാണ് കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലായിരുന്നു ആദ്യം ഹര്‍ജി നല്‍കിയത്. എന്നാല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ ഗിരീഷ് ബാബു മരണപ്പെട്ടു. തുടര്‍ന്ന് കേസ് നിലനില്‍ക്കുമോ എന്ന് അന്വേഷിക്കുന്നതിനായി അമികസ്‌ക്യൂരിയെ നിയോഗിച്ചു. കേസുമായി മുന്നോട്ട് പോകാം എന്ന അമിക്കസ്‌ക്യൂരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതിയുടെ വിധി.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്കും സി.എം.ആര്‍.എല്ലില്‍ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് ഏം.എല്‍.എല്‍ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തി. വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴല്‍നാടന്റെ പ്രസംഗം സഭാരേഖകളില്‍ നിന്ന് നീക്കുകയും ചെയ്തു.
ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷമുള്ള മൂന്നുവര്‍ഷമാണ് വീണയ്ക്ക് സി.എം.ആര്‍.എലില്‍നിന്ന് പണം കിട്ടിയതെന്നാണ് കമ്പനിയുടെ രേഖകളിലുള്ളത്. ഇതിന് പ്രത്യേകമായ ഒരു സേവനവും ഐ.ടി. സംരംഭകയായ വീണയില്‍നിന്നോ, അവരുടെ കമ്പനിയില്‍നിന്നോ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോര്‍ഡ് ഓഫ് സെറ്റില്‍മെന്റിന് നല്‍കിയ മൊഴിയിലുള്ളത്. ഇരുപക്ഷത്തേയും നേതാക്കള്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയതായും രേഖകളിലുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുത്ത കുറിപ്പുകളില്‍ നേതാക്കളുടെ ചുരുക്കപ്പേരാണുള്ളത്.
അഴിമതി നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപ്പെട്ടാണ് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സിനെ സമീപിക്കുന്നത്. എന്നാല്‍ ഗിരീഷ് ബാബുവിന്റെ പരാതി വിജിലന്‍സ് കോടതി തള്ളി. പിന്നാലെ ഗിരീഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന്‍ മരിച്ചതോടെ ഹര്‍ജിയുമായി മുമ്പോട്ട് പോകാന്‍ താത്പര്യമില്ലെന്ന് ഗിരീഷിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഹൈക്കോടതി അമിക്കസ്‌ക്യൂരിയെ നിയമിക്കുകയായിരുന്നു.