ഡാമിലേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി

Mathew T Thomas

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ഏറ്റവും ശക്തമായ ഓഗസ്റ്റ് 15,16,17 തീയതികളില്‍ ഡാമിലേക്ക് എത്തിയതിനേക്കാള്‍ കൂടുതല്‍ വെള്ളം തുറന്നുവിട്ടെന്ന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്. പ്രളയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സഭാ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ജലവിഭവ വകുപ്പിന്റെ് കീഴിലുള്ള ഡാമുകളിലേക്ക് ഈ ദിവസങ്ങളില്‍ എത്തിയത് 696.785 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളമാണ്. എന്നാല്‍ ഡാമുകളുടെ സുരക്ഷ കണക്കിലെടുത്ത് ഈ സമയത്ത് 700 മില്യണ്‍ ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഡാമുകളില്‍ നിന്നെത്തിയ വെള്ളമാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയതെന്ന പ്രതിപക്ഷ ആരോപണം അദ്ദേഹം തള്ളി.

മൂന്ന് ദിവസങ്ങളിലായി കേരളത്തിലേക്ക് പെയ്തിറങ്ങിയത് വളരെ ഉയര്‍ന്ന അളവിലുള്ള വെള്ളമായിരുന്നു. 414 മില്ലി മീറ്റര്‍ മഴയാണ് ഈ ദിവസങ്ങളില്‍ മഴ പെയ്തത്. ഭൂതത്താന്‍ കെട്ടിന്റെ പരിസര പ്രദേശങ്ങളിലടക്കം 1924 ല്‍ ഉണ്ടായ വെള്ളപ്പൊക്കം എത്രവരെ എത്തിയെന്നതിന്റെ രേഖപ്പെടുത്തലുകള്‍ ഉണ്ട്. ഇതിനും താഴെയാണ് ഇപ്പോള്‍ വെള്ളമെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Top