മന്ത്രി മാറ്റവും ലയനവും . . . ജെ.ഡി.എസ് വീണ്ടും ഇടതിന് തലവേദനയാകുന്നു

തിരുവനന്തപുരം : മന്ത്രി മാറുന്നതിന് പിന്നാലെ കേരളത്തില്‍ ജനതാ പരിവാര്‍ ലയനത്തിനും നീക്കം. മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് മാറി പകരം കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കുന്നതിനാണ് ജെഡി എസ്സ് ശ്രമിക്കുന്നത്. ജെഡിഎസ് എം.എല്‍ എമാരില്‍ സി കെ നാണുവും കൃഷ്ണന്‍കുട്ടിയും എം പി വീരേന്ദ്രകുമാറുമായി അടുപ്പം പുലര്‍ത്തുന്നവരാണ്.

നിലവില്‍ വീരേന്ദ്രകുമാര്‍ ശരത് യാദവ് നേതൃത്വം നല്‍കുന്ന ലോക് താന്ത്രിക്ക് ജനതാ ദളിതിനോടാണ് അനുഭാവം പുലര്‍ത്തുന്നത്. വീരേന്ദ്രകുമാറിന്റെ മകന്‍ എം വി ശ്രേയാംസ് കുമാര്‍ ആണ് ഈ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വത്തിലുള്ളത്. എല്‍ ഡി എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ പാര്‍ട്ടിയെ മുന്നണിയിലെടുക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു വരികയാണ് .

എന്നാല്‍ ലയനം സാധ്യമായാല്‍ നിലവില്‍ എം എല്‍ എ മാരില്ലാത്ത വീരേന്ദ്രകുമാറിന്റെ വിഭാഗത്തിന് നേട്ടമാകും .രണ്ട് എം എല്‍ എ മാരെ ഒപ്പം കൂട്ടുന്നതിന് കഴിയും .ഇങ്ങനെ ലയനമുണ്ടായാല്‍ മാത്യു ടി തോമസ് ലയനത്തെ എതിര്‍ത്ത് ജനതാദള്‍ എസില്‍ തുടരുന്നതിനാണ് സാധ്യത . അതോടെ ഇരു കൂട്ടരും എല്‍ ഡി എഫില്‍ എന്ന സ്ഥിതിവിശേഷമുണ്ടാകും .

മാത്യു ടി തോമസിന് മുഖ്യമന്ത്രിയുമായും സി പി എം നേതൃത്വവുമായുള്ളത് മികച്ച ബന്ധമാണ്. അത് കൊണ്ട് തന്നെ പാര്‍ട്ടി പിളര്‍ത്താനുള്ള നീക്കത്തെ സി പി എം എതിര്‍ക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ എല്ലാ ജനതാദള്‍ പാര്‍ട്ടികളുമൊന്നിച്ച് ഒരു പാര്‍ട്ടിയായി എല്‍ഡിഎഫില്‍ നില്‍ക്കുന്നതിന് സി പി എം അനുകൂലമാണ്. മാത്യു ടി തോമസ് മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാലും ഇടത് മുന്നണിയുടെ നേതൃനിരയിലുണ്ടാകുമെന്നുറപ്പാണ്.

അങ്ങനെ വന്നാല്‍ ദേവഗൗഡയുടെ ജനതാദള്‍ സെക്കുലറും ശരത് യാദവിന്റെ ലോക് താന്ത്രിക്ക് ജനതാദളും കേരളത്തില്‍ ഇടത് പക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായുണ്ടാകും .ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുണൈറ്റഡ് ദേശീയ തലത്തില്‍ എന്‍ ഡി എയ്ക്ക് ഒപ്പമാണെങ്കിലും അവരുടെ കേരളാ ഘടകം യു ഡി എഫുമായി സഹകരിക്കുകയാണ്.

അതേസമയം ദേവഗൗഡയുടെ ജനതാദള്‍ സെക്കുലര്‍ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലാണ്. കര്‍ണ്ണാടക മാതൃകയില്‍ കോണ്‍ഗ്രസുമായി ജനതാദള്‍ എസ് സഹകരിക്കണമെന്ന താല്പര്യം യുഡിഎഫ് നേതൃത്വം പലതവണ പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട് .

എന്നാല്‍ മാത്യു ടി തോമസിന് മുഖ്യമന്ത്രി പിണറായിയുമായുള്ള അടുത്ത ബന്ധമാണ് മുന്നണി മാറ്റത്തിന് തടസം. പിണറായിക്ക് മാത്യു ടി തോമസുമായുള്ള ബന്ധം അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കത്തെയും ബാധിച്ചേക്കും . മന്ത്രിയെ മാറ്റാന്‍ പാര്‍ട്ടി തീരുമാനിച്ചാലും മുഖ്യമന്ത്രിക്ക് താല്പര്യമുണ്ടാകില്ല.

ഈ സാഹചര്യത്തില്‍ സി കെ നാണുവും കൃഷ്ണന്‍കുട്ടിയും ലോക് താന്ത്രിക്ക് ജനതാദളിനൊപ്പം നീങ്ങിയാല്‍ മന്ത്രി സ്ഥാനം പോലും നഷ്ട്ടമാകുന്ന സാഹചര്യമുണ്ടാകും . ജനതാദള്‍ എസിനാണ് മന്ത്രി സ്ഥാനം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ ഈ ലയന നീക്കങ്ങള്‍ പോലും നിലയ്ക്കും .

അതേസമയം വീരേന്ദ്രകുമാര്‍ വിഭാഗത്തിന് ജനതാദള്‍ എസില്‍ ലയിക്കാമെന്ന വാദം മാത്യു ടി തോമസിനെ അനുകൂലിക്കുന്നവര്‍ ഉന്നയിക്കുകയും ചെയ്യൂ . എന്നാല്‍ ആദ്യം മന്ത്രി സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ മാറ്റുക മറ്റ് ചര്‍ച്ചകളൊക്കെ പിന്നീടാകാം എന്ന നിലപാടാണ് സി കെ നാണുവും കൃഷ്ണന്‍ കുട്ടിയും സ്വീകരിക്കുന്നത്.

Top