രാമചന്ദ്രന്‍ നായരുടെ മരണം:നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥനായ പൊതു പ്രവര്‍ത്തകനെയെന്ന് മാത്യു ടി തോമസ്

തിരുവനന്തപുരം:രാമചന്ദ്രന്‍ നായര്‍ എംഎല്‍എയുടെ മരണത്തോടെ നഷ്ടപ്പെട്ടത് നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്.

മുപ്പത്തഞ്ചോളം വര്‍ഷമായി ആഴത്തിലുള്ള വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന പൊതു പ്രവര്‍ത്തകനാണ് രാമചന്ദ്രന്‍ നായര്‍ എം എല്‍ എ. ന്യായമായ ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന അടുത്ത ബന്ധമാണ് അദ്ദേഹം ജനങ്ങളുമായി പുലര്‍ത്തിയിരുന്നത് എന്നു പറഞ്ഞാല്‍ പോര. ഏതു സമയവും ജനങ്ങളുടെ ഇടയിലുണ്ടായിരുന്ന അദ്ദേഹം ജനങ്ങളില്‍ ഒരാള്‍ തന്നെയായിരുന്നു.

അടുത്ത കാലത്ത് വരട്ടാര്‍ പുനരുദ്ധാരണ പ്രവര്‍ത്തനം ജനകീയമായി നിര്‍വഹിക്കുന്നതില്‍ അതുല്യമായ സംഘാടനവും നേതൃത്വവുമാണ് അദ്ദേഹം കാഴ്ചവച്ചത്. സാമ്പത്തിക സമാഹരണം വരെ ജനകീയമായി നിര്‍വഹിച്ച ആ പ്രവര്‍ത്തനഘട്ടത്തില്‍ സ്വന്തം സംഭാവനയ്ക്കു പുറമേ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് വലിയൊരു തുകയും സമാഹരിച്ചു നല്‍കി. ആ പ്രവര്‍ത്തനം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന കാര്യത്തിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയും അതിനായുള്ള ഇച്ഛാശക്തിയും പ്രകടമായിരുന്നു. മുന്നിട്ടിറങ്ങുന്ന ഏതു കാര്യത്തിലും ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ സമീപനം.

നാടിനു നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകനെയും വ്യക്തിപരമായി ഒരടുത്ത സുഹൃത്തിനെയും നഷ്ടമാകുന്ന ഈ സന്ദര്‍ഭത്തില്‍ ഹൃദയംഗമമായ ദു:ഖവും അനുശോചനവും അറിയിക്കുന്നുവന്നും മന്ത്രി പറഞ്ഞു.

Top