മത്തായിയുടെ മരണം; മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം: പത്തനംതിട്ടയിലെ മത്തായിയുടെ മരണത്തില്‍ സിബിഐ കേസ് ഏറ്റെടുത്ത് തിരുവനന്തപുരം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ നല്‍കി. മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. മൂന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം പോസ്റ്റുമോര്‍ട്ടം നടത്തും. പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാരിന് സിബിഐ കത്ത് നല്‍കി.

കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിയിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്തായിയുടേത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടികാട്ടി ഭാര്യ ഷീബ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്.

പ്രതികളെ പിടികൂടുന്നതു വരെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് മത്തായിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top