മഥുര ഏറ്റുമുട്ടല്‍: എട്ടുവയസുകാരന്‍ മരിച്ച സംഭവത്തില്‍ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Mathura_encounter

മഥുര: പൊലീസും കൊള്ളക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ എട്ടു വയസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.

സംഭവത്തെ തുടര്‍ന്ന് ഐജി ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ വിരേന്ദ്ര സിംഗ് യാദവ്, സൗരഭ് ശര്‍മ്മ, കോണ്‍സ്റ്റബിള്‍മാരായ സുബാഷ് ചന്ദ്ര, ഉദ്ദം സിങ്ങ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ മഥുരയില്‍ രണ്ടു ദിവസം മുമ്പാണ് സംഭവം. കൊള്ളക്കാരെന്ന് ആരോപിക്കപ്പെട്ട ഒരു സംഘത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പിനിടെ മാധവ് ഭരദ്വാജ് എന്ന എട്ടു വയസുകാരന് വെടിയേല്‍ക്കുകയായിരുന്നു. എന്നാല്‍ മരണത്തിനിടയാക്കിയത് പൊലീസിന്റെ ബുള്ളറ്റാണോ ക്രിമിനലുകളുടെ ബുള്ളറ്റാണോ എന്ന് വ്യക്തമായിരുന്നില്ല.

മോഹന്‍പുര ഗ്രാമത്തില്‍ കൊള്ളനടത്തിയ ശേഷം മഥുരയില്‍ ഒളിച്ചിരുന്ന സംഘത്തെ പിടികൂടാനാത്തിയാതാണെന്നായിരുന്നു പൊലീസിന്റെ വാദം. ഇതിനിടെ പൊലീസിനു നേരെ കുറ്റവാളികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറുമുട്ടലിനു ശേഷം കൊള്ളക്കാര്‍ രക്ഷപ്പെട്ടു.

കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുട്ടിയുടെ കുടുംബത്തിന് യോഗി സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Top