ഒരിടവേളയ്ക്ക് ശേഷം എബ്രിഡ് ഷൈനും നിവിന്‍ പോളിയും ഒന്നിച്ച മൂന്നാമത്തെ ചിത്രം മഹാവീര്യര്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിയ്ക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ഇപ്പോൾ ലഭിക്കുന്നത്. ക്ലൈമാക്‌സില്‍ വരുത്തിയ മാറ്റത്തെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് വ്യത്യസ്ഥമായ കഥകളെ ഒരേ സമയം അവതരിപ്പിക്കുകയും മികച്ച രീതിയില്‍ അവയെ ബ്ലെന്‍ഡ് ചെയ്ത് പുതുമയുള്ള ഒരു സിനിമാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയുമാണ് മഹാവീര്യര്‍.
സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥ, പത്തുവര്‍ഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച, മലയാളസിനിമയില്‍ അപൂര്‍വമായ ടൈംട്രാവല്‍-ഫാന്റസി സിനിമ. ഏറെ പ്രത്യേകതകളോടെയാണ് മഹാവീര്യര്‍ തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അവതരണം തന്നെയാണ് ചിത്രത്തിന്റെ സവിശേഷത. എന്നാല്‍ പ്രേക്ഷകരില്‍ ക്ലൈമാക്‌സ് ചെറിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. രണ്ടാം വാരത്തിലേയ്ക്ക് കടന്ന ചിത്രം ഒട്ടുമിക്കയിടങ്ങളിലും ഹൗസ് ഫുള്‍ ഷോകളുമായി വിജയത്തിലേയ്ക്ക് കുതിക്കുകയാണ്.