മട്ടന്നൂര്‍: പിണറായി സര്‍ക്കാരിന്റെ ജനസമ്മതിയില്‍ ഇടിവ് തട്ടിയിട്ടില്ലെന്ന് വ്യക്തമാക്കി കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ തവണത്തെക്കാള്‍ തകര്‍പ്പന്‍ ഭൂരിപക്ഷം നല്‍കിയാണ് ഇത്തവണ മട്ടന്നൂര്‍ ചെമ്പടയ്‌ക്കൊപ്പം നിന്നത്.
ഈ വിജയം കടുത്ത വെല്ലുവിളികള്‍ക്കിടയിലും പിണറായി സര്‍ക്കാരിനെ സംബന്ധിച്ചും ആശ്വാസകരമാണ്.
അഞ്ചാംതവണയാണ് മട്ടന്നൂരില്‍ ഇടതുപക്ഷം ഭരണത്തിലെത്തുന്നത്.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഇടതുപക്ഷം കഴിഞ്ഞ തവണത്തെക്കാള്‍ മികച്ച വിജയത്തില്‍ എത്തി.
ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി ഇടതുപക്ഷം ഭരണം ഉറപ്പിച്ചു.
ഏഴ് വാര്‍ഡുകള്‍ മാത്രമാണ് യുഡിഎഫിന് നേടാനായത്. മൂന്ന് വാര്‍ഡുകള്‍ യുഡിഎഫില്‍ നിന്ന് ഇടതുപക്ഷം പിടിച്ചെടുത്തു.
ബിജെപി രണ്ട് വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. യുഡിഎഫും എല്‍ഡിഎഫും വിജയിച്ച ഓരോ വാര്‍ഡുകളിലാണ് ബിജെപി രണ്ടാമതെത്തിയത്.
നിലവിലെ സഭയില്‍ ഇടതുപക്ഷത്തിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്. 112 സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്.
35 വാര്‍ഡുകളിലും എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ എന്‍ഡിഎ 32 വാര്‍ഡിലാണ് മത്സരിച്ചത്.
രാവിലെ 10 മണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രമായ മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെണ്ണല്‍ തുടങ്ങിയത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 82.91 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
20 വര്‍ഷമായി ഇടതുമുന്നണിയാണ് നഗരസഭ ഭരിക്കുന്നത്. ജനക്ഷേമ ഭരണവുമായി ഒരുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാണ് ഈ ഫലം.
നഗരസഭയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭരണനേട്ടങ്ങളും ജനക്ഷേമപ്രവര്‍ത്തനങ്ങളുമായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയം.
നാലാം ഭരണസമിതി നടപ്പാക്കിയ 200 കോടിയില്‍പരം രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാ വിഷയമായപ്പോള്‍ എതിര്‍ക്കാനാവാതെ യുഡിഎഫും ബിജെപിയും പ്രതിരോധത്തിലായി.
ബിജെപിക്കെതിരെ ശക്തമായ പ്രചരണമാണ് ഇടതുപക്ഷം മട്ടന്നൂരില്‍ നടത്തിയിരുന്നത്.
ഗതാഗത മേഖലയിലും ആരോഗ്യമേഖലയിലും നഗരസഭാ ഭരണസമിതി നടപ്പാക്കിയ വികസന പദ്ധതികള്‍ എതിരാളികള്‍ക്കിടയില്‍ പോലും എല്‍ഡിഎഫിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാനും കാരണമായി.