റായ്പൂര്‍: ഛത്തീസ്ഗഡിലെ ദണ്ഡേവാദയില്‍ തങ്ങളുടെ നീക്കം സംബന്ധിച്ച വിവരം മാവോയിസ്റ്റുകള്‍ക്ക് ചോര്‍ന്നുകിട്ടിയതിന്റെ ഫലമായാണ് ആക്രമണമുണ്ടായതെന്ന് സി.ആര്‍.പി.എഫ്. സേനയ്ക്ക് അകത്തുനിന്നാണോ പുറത്തുനിന്നാണോ വിവരം ചോര്‍ന്നുകിട്ടിയതെന്നത് സംബന്ധിച്ചാണ് സി.ആര്‍.പി.എഫ് അന്വേഷിക്കുന്നത്. മഫ്തിയിലായിരുന്ന സി.ആര്‍.പി.എഫ് ഭടന്മാര്‍ ഓപ്പറേഷനിലായിരുന്നില്ലെന്ന് സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ കെ.ദുര്‍ഗാപ്രസാദ് പറഞ്ഞു.
ഇന്നലെ മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്ത കുഴിബോംബ് സ്‌ഫോടനത്തില്‍ ഏഴ് സി.ആര്‍.പി.എഫ് ഭടന്മാരാണ് കൊല്ലപ്പെട്ടത്. സി.ആര്‍.പി.എഫ് സംഘം സഞ്ചരിച്ച ടെമ്പോയാണ് ആക്രമണത്തിന് ഇരയായത്. അവധി കഴിഞ്ഞെത്തിയ ജവാന്മാര്‍ ക്യാമ്പിലേക്ക് പോവുകയായിരുന്നു. 50 മുതല്‍ 60 കിലോ വരെ സ്‌ഫോടകവസ്തു സ്ഥാപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. സി.ആര്‍.പി.എഫ് ഡയറക്ടര്‍ ജനറല്‍ സംഭവസ്ഥസലം സന്ദര്‍ശിക്കും. കൂടുതല്‍ പരിശോധനക്കായി പൂനെയില്‍ നിന്നുള്ള ഐ.ഇ.ഡി, ബോംബ് വിദ്ഗ്ദരുടെ സഹായം തേടിയിട്ടുണ്ട്.