റായ്പൂര്‍: ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ ആക്രമണത്തിനായി മാവോയിസ്റ്റുകളെത്തിയത് വന്‍ ആയുധങ്ങളുമായെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സിആര്‍പിഎഫ് ജവാന്‍മാരാണ് സംഭവങ്ങള്‍ വിശദീകരിച്ചത്.
കറുത്ത വസ്ത്രമണിഞ്ഞ മുന്നൂറോളം മാവോയിസ്റ്റുകളാണ് എത്തിയത്. ആദ്യം പ്രദേശവാസികളും അവര്‍ക്ക് പിന്നാലെയാണ് മാവോയിസ്റ്റുകള്‍ വന്നതെന്നും ജവാന്‍മാര്‍ പറഞ്ഞു. ചില മാവോയിസ്റ്റുകളുടെ കയ്യില്‍ റോക്കറ്റ് ലോഞ്ചറുകള്‍ ഉണ്ടായിരുന്നു. നിരവധിപേരുടെ കയ്യില്‍ എകെ 47 തോക്കുകളും എസ്എല്‍ആറുകളും മറ്റ് ഓട്ടോമാറ്റിക്ക് ആയുധങ്ങളും ഉണ്ടായിരുന്നുവെന്നും ജവാന്‍മാര്‍ പറഞ്ഞു.
റോഡുപണിയില്‍ തൊഴിലാളികളെ സഹായിച്ചിരുന്ന 99 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 26 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണ് തിങ്കളാഴ്ച ഉണ്ടായത്.
‘ആദ്യം അവര്‍ ഞങ്ങളുടെ സ്ഥലം പരിശോധിക്കാന്‍ പ്രദേശവാസികളെയാണ് അയച്ചത്. പ്രദേശവാസികളുടെ കയ്യില്‍ ആയുധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നെ, എങ്ങനെയാണ് ഞങ്ങള്‍ അവര്‍ക്കുനേരെ വെടിയുതിര്‍ക്കുക’ പരുക്കേറ്റ് റായ്പൂരിലെ ആശുപത്രിയില്‍ കഴിയുന്ന ജവാന്‍ ചോദിച്ചു. ‘മാവോയിസ്റ്റുകള്‍ ആക്രമിച്ചപ്പോള്‍ ഞങ്ങളും തിരിച്ചടിച്ചു. നിരവധി മാവോയിസ്റ്റുകളെ ഞങ്ങളും വധിച്ചെന്ന് ജവാന്‍ പറഞ്ഞു.
സ്ത്രീകളും മാവോയിസ്റ്റ് സംഘത്തില്‍ ഉണ്ടായിരുന്നു. മാവോയിസ്റ്റുകളുടെ വെല്ലുവിളി നേരിടുന്ന ഈ മേഖലയില്‍ പ്രത്യേക നിയമം (അഫ്‌സ്പ) അനുവദിക്കണമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഒരു ജവാന്‍ പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അഭ്യര്‍ഥിച്ചു.