കണ്ണൂര്‍: കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ തുടര്‍ന്ന് ഇന്നലെ മാവോയിസ്റ്റുകളുടേതെന്നു പറയുന്ന വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും പൊലീസ് മേധാവികളെയും പ്രതി സ്ഥാനത്ത് നിര്‍ത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കിയത്.
ഇന്നു രാവിലെ മാവേലി എക്‌സ്പ്രസില്‍ മുഖ്യമന്ത്രി തലശേരിയില്‍ എത്തുമ്പോള്‍ മണിക്കൂറുകള്‍ക്കു മുമ്പേ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ നിലയുറപ്പിച്ചിരുന്നു.
രഹസ്യാന്വേഷണ വിഭാഗം മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുന്ന സ്ഥലങ്ങളെല്ലാം ഇന്നലെ മുതല്‍ നിരീക്ഷണ വലയത്തിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പിണറായിലെ വീടിനും പ്രത്യേക സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തി.
‘നിങ്ങളുടെ തോക്കിന് ഞങ്ങളെ തളര്‍ത്താനാവില്ല. കരുളായിയില്‍ വീണ ചോര നിങ്ങളുടെ നാശത്തിനുള്ള കേരളത്തിലെ തുടക്കമായിരിക്കും. വിപ്‌ളവകാരികളുടെ നഷ്ടം വിലപ്പെട്ടതാണ്. അത് വെറുതെയാവാന്‍ അനുവദിക്കയില്ല’.
വയനാട്ടില്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്ത മാവോവാദി വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയും പൊലീസ് മേധാവികളും കൂടിയാലോചിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍, കൊലപാതക പദ്ധതി നടപ്പിലാക്കിയതെന്നാണ് പറയുന്നത്.
മാവോ മുന്നേറ്റത്തില്‍ സര്‍ക്കാറിന്റെ സായുധശക്തിക്ക് പിടിച്ചു നില്‍ക്കാന്‍ കരുതേണ്ടെന്ന മുന്നറിയിപ്പ് നല്‍കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ വാര്‍ത്താ കുറിപ്പില്‍ വരികള്‍ക്കിടയിലെല്ലാം നിഴലിക്കുന്നത് കനത്ത ഭീഷണി തന്നെയാണ്. ആ ഭീഷണിയുടെ കുന്തമുന നീളുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കുള്ള സുരക്ഷ ശക്തമാക്കാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന് തിരക്കിട്ട നടപടി ഉണ്ടായത്.
സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്നലെ ജില്ലാ പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാര്‍ ഗുരുദിന്‍ ജില്ലയിലെ ഡിവൈ.എസ്.പി മാരുമായി ചര്‍ച്ച നടത്തുകയും അവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. രാവിലെ 9ന് പിണറായി ആര്‍.സി അമല സ്‌കൂളില്‍ അംഗപരിമിതര്‍ക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി.
തുടര്‍ന്ന് 11ന് പെരളശേരി എ.കെ.ജി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ധര്‍മടം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘വിമുക്തി ക്യാംപയിന്‍’ ഉദ്ഘാടനം ചെയ്തു. ഈ പരിപാടികളുടെ വേദിയിലും പരിസരങ്ങളിലും പൊലീസിന്റെ നിറഞ്ഞ സാന്നിദ്ധ്യമുണ്ടായിരുന്നു. മണ്ഡലം എം.എല്‍.എ എന്ന നിലയില്‍ എം.എല്‍.എ ഓഫീസില്‍ നടക്കുന്ന വികസന ചര്‍ച്ച ഉച്ചയ്ക്ക് 12 മണിക്കാണ്.
വൈകിട്ട് 5ന് മട്ടന്നൂര്‍ പഴശ്ശി സ്മാരക മന്ദിരം ഉദ്ഘാടനവും പ്രതിമാ അനാച്ഛാദനവും നടക്കും. വൈകിട്ട് 6.30ന് നടക്കുന്ന പാറപ്രം ഇ.എം.എസ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രിയുടെ കണ്ണൂരിലെ ഇന്നത്തെ പരിപാടിയുടെ സമാപനം.