കോവിഡ് 19; മാവൂര്‍ ഗ്രാമപഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

മാവൂര്‍: മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വ്യക്തികള്‍ക്ക് കോവിഡ് സ്ഥീരികരിക്കുകയും വ്യക്തികളില്‍ ഒരാള്‍ പഞ്ചായത്തിലെ പല വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നതായി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എസ് സാംബശിവ മാവൂര്‍ ഗ്രാമ പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ഉത്തരവിറക്കി.

കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനും ഇവരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപെടുന്നത് നിയന്ത്രിക്കാനുമാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കളക്ടര്‍ അറിയിച്ചു. 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം സെക്ഷന്‍ 34 എ, ബി പ്രകാരവുമാണ് നടപടി.

കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്ത് പോകുന്നതും മറ്റുള്ളവര്‍ മാവൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് പ്രവേശിക്കുന്നതും നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, ആരോഗ്യകേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

ഭക്ഷ്യവസ്തുക്കളും അവശ്യവസ്തുക്കളും കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ അഞ്ചു മണിവരെ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളുവെന്നും പഞ്ചായത്തിന് പുറത്തുനിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായിവരുന്നപക്ഷം വാര്‍ഡ്തല ദ്രുതകര്‍മസേനയുടെ സഹായം തേടാമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം,പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. പഞ്ചായത്തിലെ സ്റ്റേറ്റ് ഹൈവേ ഒഴികെയുള്ള റോഡുകളില്‍ പൊതുഗതാഗതം നിരോധിച്ചിട്ടുണ്ട്. അവശ്യവസ്തുക്കളുടെ വിതരണം, അടിയന്തര വൈദ്യസഹായം എന്നിവയ്ക്കുള്ള വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.

പഞ്ചായത്തിന്റെ പരിധിയില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംചേരുന്നതും വാണിജ്യ- വ്യാപാര സ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ ഒരേസമയം എത്തിച്ചേരുന്നതും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

മാവൂര്‍ പഞ്ചായത്തില്‍ പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായും നിര്‍ദേശങ്ങള്‍ ലംഘിയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 188,269 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ ഉത്തരവില്‍ അറിയിച്ചു.

Top