കൊവിഡ് വ്യാപനം; സംസ്ഥാനത്ത് സ്‌കൂള്‍ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും

തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. മുഖ്യമന്ത്രി വിളിച്ച കൊവിഡ് അവലോകന യോഗത്തിലേക്ക് വിദ്യാഭ്യാസ മന്ത്രിയേയും വിളിപ്പിച്ചിട്ടുണ്ട്.

കേരളത്തില്‍ രണ്ടായിരത്തിന് താഴെയായിരുന്ന പ്രതിദിന കൊവിഡ് രോഗികള്‍ ഇപ്പോള്‍ 6000നും മുകളിലാണ് . ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും നേരിയ വര്‍ധന ഉണ്ട്. കൊവിഡ് കൂടുതല്‍ പടരുന്നതിന്റെ സൂചനയാണിത്

ഇതിനൊപ്പമാണ് ഒമിക്രോണും പടരുന്നത്. ആര്‍ നോട്ട് കൂടുതലായ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് എത്താനുള്ള സാഹചര്യം നിലവിലുണ്ട്. സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വേണമോ എന്നകാര്യം പുനരാലോചിക്കുന്നത്.

കുട്ടികളില്‍ രോഗം ഗുരുതരമാകാനുള്ള സാഹചര്യം കുറവാണെങ്കിലും കൊവിഡ് പടരാതിരിക്കാനുള്ള മുന്‍ കരുതല്‍ എന്ന നിലയിലായിരിക്കും സ്‌കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനുള്ള നീക്കം. സ്‌കൂളുകളില്‍ നേരിട്ടെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം വന്നേക്കും.

Top