തെരേസ മേയുടെ വിശ്വസ്തന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്ക്

ലണ്ടന്‍: ചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ വലംകൈയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഡാമിയന്‍ ഗ്രീന്‍ രാജിവെച്ചു. ബ്രെക്‌സിറ്റ് ചര്‍ച്ചകളുടെ രണ്ടാംഘട്ട ചര്‍ച്ച സജീവമാകാനിരിക്കെയാണ് ഗ്രീന്റെ രാജി.

ഗ്രീനിന്റെ ഓഫീസ് കംപ്യൂട്ടറില്‍നിന്ന് അശ്ലീലദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതേക്കുറിച്ച് കൃത്യതയില്ലാത്തതും അന്വേഷണത്തിന്റെ വഴിതെറ്റിക്കുന്നതുമായ മൊഴിയാണ് ഗ്രീന്‍ നല്കിയതെന്ന് കണ്ടെത്തി. തന്റെ പ്രവൃത്തിയില്‍ മാപ്പുചോദിക്കുന്നതായി അദ്ദേഹം രാജിക്കത്തില്‍ പറഞ്ഞു. ഗ്രീനിന്റെ രാജിയില്‍ തെരേസ മേ അഗാധമായ ഖേദം പ്രകടിപ്പിച്ചു.

പത്രപ്രവര്‍ത്തകയായ കെയ്റ്റ് മാള്‍ട്ബിയോട് 2015-ല്‍ മോശമായി പെരുമാറിയെന്ന ആരോപണവും ഇദ്ദേഹം നേരിട്ടിരുന്നു. 2008-ല്‍ പൊതുസഭാംഗങ്ങളുടെ ഓഫീസിലെ കംപ്യൂട്ടറാണ് അശ്ലീലദൃശ്യങ്ങള്‍ കാണാന്‍ ഇദ്ദേഹം ഉപയോഗിച്ചത്. തന്റെ കംപ്യൂട്ടറില്‍ ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണോദ്യോഗസ്ഥരോട് ഗ്രീന്‍ പറഞ്ഞത്. ഇത്തരത്തില്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതാണ് മന്ത്രിമാര്‍ക്കുള്ള ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കിയത്.

തെരേസ മേയുടെ സര്‍ക്കാരില്‍നിന്ന് രാജിവെക്കുന്ന മൂന്നാം മന്ത്രിയാണ് അറുപത്തൊന്നുകാരനായ ഗ്രീന്‍. വിവിധ ആരോപണങ്ങള്‍ നേരിട്ട മൈക്കല്‍ ഫാലന്‍, ഇന്ത്യന്‍വംശജയായ പ്രീതി പട്ടേല്‍ എന്നിവര്‍ നവംബറില്‍ രാജിവെച്ചിരുന്നു.

Top