ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ഏറ്റുവാങ്ങിയതിന് ശേഷം കൊഹ്ലി ചെയ്തത്; വെളിപ്പെടുത്തലുമായി മായങ്ക് അഗര്‍വാള്‍

സിഡ്‌നി: ഓസിസ്-ഇന്ത്യ ടെസ്റ്റ് പരമ്പര വിജയകള്‍ക്ക് നല്‍കുന്ന ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ഏറ്റു വാങ്ങിയശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി അത് കൈമാറിയത് ടീമിലെ ഏറ്റവും ജൂനിയറായ മായങ്ക് അഗര്‍വാളിനായിരുന്നു. ഇപ്പോളിതാ ആ നിമിഷത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മായങ്ക്.

ട്രോഫി ഏറ്റുവാങ്ങാനായി ക്യാപ്റ്റനൊപ്പം ഞങ്ങള്‍ പോകുകയായിരുന്നു. പെട്ടെന്ന് അദ്ദേഹം എന്റെ അടുത്തുവന്ന് പറഞ്ഞു, ട്രോഫി വാങ്ങിയശേഷം ഞാന്‍ നിന്റെ കൈകളിലേക്ക് തരും.അത് പിടിച്ചോളു എന്ന്. അവിശ്വസനീയമായൊരു അനുഭവമായിരുന്നു അത്. ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്റെ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തം. അങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ശരിക്കും ഭാഗ്യവാനാണ് അഗര്‍വാള്‍ പറഞ്ഞു.

മെല്‍ബണിലെ എഴുപതിനായരത്തോളം കാണികള്‍ക്ക് മുമ്പില്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും അത് വലിയ സമ്മര്‍ദ്ദമാക്കി മാറ്റിയില്ലെന്ന് മായങ്ക് പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായ സന്തോഷത്തിലായിരുന്നു. എനിക്ക് കിട്ടിയിരിക്കുന്നത് വലിയൊരു അവസരമാണെന്ന തിരിച്ചറിവുണ്ടായിരുന്നു. അത് ഫലപ്രദമായി വിനിയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്നും മായങ്ക് പറഞ്ഞു.

Top