മുംബൈ : ക്യാപ്റ്റൻ വിരാട് കോലി, ചേതേശ്വർ പൂജാര എന്നിവരെ ഒരേ ഓവറിൽ ഡക്കിനു പുറത്താക്കി ‘നടുവൊടിച്ച’ ന്യൂസീലൻഡിന്, ഓപ്പണർ മയാങ്ക് അഗർവാളിന്റെ സെഞ്ചുറിച്ചിറകിലേറി ഇന്ത്യയുടെ തിരിച്ചടി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ, അഗർവാളിന്റെ സെഞ്ചുറിക്കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 59 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 193 റൺസെന്ന നിലയിലാണ്. അഗർവാൾ 101 റൺസോടെയും വൃദ്ധിമാൻ സാഹ 16 റൺസോടെയും ക്രീസിൽ. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ഇരുവരും 33 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ടെസ്റ്റ് മത്സരത്തിലാണ് കർണാടകക്കാരൻ മയാങ്ക് അഗർവാൾ സെഞ്ചുറിയുമായി തിളങ്ങിയത്. 196 പന്തിൽ 13 ഫോറും മൂന്നു സിക്സും സഹിതമാണ് അഗർവാൾ സെഞ്ചുറിയിലെത്തിയത്. ടെസ്റ്റിൽ മയാങ്കിന്റെ നാലാം സെഞ്ചുറിയാണിത്. ഓപ്പണർ ശുഭ്മൻ ഗിൽ (71 പന്തിൽ 44), ചേതേശ്വർ പൂജാര (0), ക്യാപ്റ്റൻ വിരാട് കോലി (0), ശ്രേയസ് അയ്യർ (41 പന്തിൽ 18) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഇന്ത്യയ്ക്ക് നഷ്ടമായ നാലു വിക്കറ്റുകളും എട്ടാം വയസ്സിൽ മുംബൈയിൽനിന്ന് ന്യൂസീലൻഡിലേക്ക് കുടിയേറിയ അജാസ് പട്ടേൽ സ്വന്തമാക്കി.