ലക്‌നോ: മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒഴിയണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യു.പി മുന്‍ മുഖ്യമന്ത്രി മായാവതി തന്റെ ബംഗ്ലാവ് ഒഴിഞ്ഞു. എസ്‌റ്റേറ്റ് ഓഫീസര്‍മാര്‍ ബംഗ്ലാവിന്റെ താക്കോല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സ്പീഡ് പോസ്റ്റ് വഴിയാണ് മായാവതി സര്‍ക്കാരിന് താക്കോല്‍ അയച്ചു കൊടുത്തത്.
അതേസമയം ഈ ബംഗ്ലാവ് മാത്രം ഒഴിഞ്ഞാല്‍ പോരെന്നാണ് സര്‍ക്കാര്‍ നിലപാട്. ലക്‌നോവിലെ ഏറ്റവും പ്രമുഖമായ മാള്‍ അവന്യൂവിലെ 10 മുറി ആഢംബര ബംഗ്ലാവ് മായാവതിയാണ് ഉപയോഗിക്കുന്നത്. ഈ ബംഗ്ലാവും ഒഴിയണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മായാവതിക്കും അഖിലേഷ് യാദവിനുമടക്കം നാല് മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് 15 ദിവസത്തിനകം ബംഗ്ലാവുകള്‍ ഒഴിയണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നു. മായാവതി നോട്ടീസ് അനുസരിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മായാവതി കോടതി വിധി അനുസരിച്ചു എന്ന് ബി എസ് പി അവകാശപ്പെടുമ്പോഴും സര്‍ക്കാരിന്റെ നിര്‍ബന്ധമാണ് ഒഴിയാനുള്ള
തീരുമാന്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മായാവതി ഒഴിയണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ട മൊള്‍ അവന്യൂവിലെ ആഢംബര ബംഗ്ലാവ് ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷിറാമിന്റെ സ്മാരകമാണെന്നാണ് മായാവതിയുടെ അവകാശവാദം. ശ്രീ കാന്‍ഷി റാംജി യാദ്ഗാര്‍ വിശ്രം സ്ഥല്‍ എന്ന ബോര്‍ഡും ബംഗ്ലാവിന് മുന്നില്‍ ബി.എസ്.പി സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഒഴിയേണ്ട ബംഗ്ലാവുകളുടെ പട്ടികയില്‍ ഇതും ഉള്‍പ്പെടുമെന്ന് സര്‍ക്കാര്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിക്കേണ്ടതില്ലെന്ന് മെയ് ഏഴിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സന്നദ്ധ സംഘടനയായ ലോക്പ്രഹരി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയിലായിരുന്നു ഉത്തരവ്.
എന്നാല്‍, യുപി മുന്‍മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, പിതാവ് മുലായംസിങ് യാദവ് എന്നിവര്‍ തങ്ങള്‍ക്ക് വീടില്ലെന്നും രണ്ടു വര്‍ഷം കൂടി സര്‍ക്കാര്‍ അനുവദിച്ചു തന്ന ബംഗ്ലാവില്‍ തുടരാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.