യുപി, ഡല്‍ഹി പോലീസുകാര്‍ ഹൈദരാബാദ് പോലീസിനെ കണ്ട് പഠിക്കണം ; മായാവതി

ഹൈദരാബാദ് കേസിലെ നാലു പ്രതികളെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. പോലീസിന്റെ ശക്തമായ നീക്കമെന്നാണ് ബിഎസ്പി നേതാവ് മായാവതി സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്.

ഡല്‍ഹി, യുപി പോലീസ് ഉദ്യോഗസ്ഥര്‍ ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കട്ടെയെന്നാണ് മായാവതി പറയുന്നത്. യുപിയില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഉയരുകയാണ്.വിഷയത്തില്‍ ഗവണ്‍മെന്റ് ഉറക്കം നടിക്കുകയാണ്. യുപിയിലേയും ഡല്‍ഹിയിലേയും പോലീസ് ഹൈദരാബാദ് പോലീസില്‍ നിന്ന് കണ്ടു പഠിക്കണം, മായാവതി പറഞ്ഞു.

വെറ്റിനറി ഡോക്ടറായ യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തില്‍ നാലു പ്രതികള്‍ ഇന്ന് പുലര്‍ച്ചെ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കേ പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതിനിടയില്‍ പോലീസ് വെടിവക്കുകയായിരുന്നുവെന്നും പോലീസ് വിശദീകരിക്കുന്നു.

പോലീസിന്റെ ആയുധങ്ങള്‍ പിടിച്ചുവാങ്ങി ആക്രമണം നടത്താന്‍ ശ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതികളെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് വിശദീകരണം. ഏതായാലും പോലീസിന്റെ ഒഫീഷ്യല്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ അഭിനന്ദിച്ച് ചിലര്‍ രംഗത്തെത്തി. എന്നാല്‍ മനുഷ്യാവകാശ ലംഘനമാണെന്ന് അഭിപ്രായപ്പെട്ട് ചിലരും രംഗത്തെത്തി.

Top