ന്യൂഡല്‍ഹി : ഉറ്റ സുഹൃത്ത് സോണിയ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയെയും സ്വന്തം പാര്‍ട്ടി നേതാവ് പരിഹസിച്ചാലും മായാവതി സഹിക്കില്ല. ഫലമോ ബി.എസ്.പി ദേശീയ കോഡിനേറ്റര്‍ ജയ് പ്രകാശ് സിങ്ങ് തന്നെ പാര്‍ട്ടിക്ക് പുറത്തായി.
ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച പുറത്താക്കലിലൂടെ വരുന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്-ബി.എസ്.പി സഖ്യത്തിനുള്ള വലിയ സാധ്യതയാണ് ഇപ്പോള്‍ ഉരുതിരിഞ്ഞിരിക്കുന്നത്.
ജയ് പ്രകാശ് സിങ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങള്‍ ലംഘിച്ചെന്നും പാര്‍ട്ടിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി മറ്റു പാര്‍ട്ടിയിലെ നേതാവിനെ വ്യക്തിഹത്യ നടത്തിയെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലെ സ്ഥാനങ്ങളില്‍നിന്ന് പുറത്താക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി അറിയിച്ചു. രാഹുലിനെക്കുറിച്ച് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മായാവതി പറഞ്ഞു.
രാഹുലിന് അച്ഛനെക്കാള്‍ കൂടുതല്‍ അമ്മയുടെ മുഖഛായയാണുള്ളതെന്ന് ജയ് പ്രകാശ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
എച്ച്.ഡി. കുമാരസ്വാമിയെ കര്‍ണാടക മുഖ്യമന്ത്രി പദത്തിലെത്തിച്ചതിലൂടെ രാജ്യത്തെ ഏറ്റവും കരുത്തയായ രാഷ്ട്രീയ നേതാവാണെന്ന് മായാവതി തെളിയിച്ചിരിക്കുകയാണെന്നും, തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ മോദിയുടെയും അമിത് ഷായുടെയും കുതിപ്പ് തടയാന്‍ മായാവതിക്കെ സാധിക്കൂവെന്നും ജയ് പ്രകാശ് സിങും അറിയിച്ചിരുന്നു.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നയപരിപാടി ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലായിരുന്നു ജയ് പ്രകാശിന്റെ വിവാദ പരാമര്‍ശം. പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ യോഗ്യതയുള്ളത് മായാവതിക്കാണെന്നും യോഗം വിലയിരുത്തിയിരുന്നു.