ഡല്‍ഹി: പിന്‍ഗാമിയെ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ഞായറാഴ്ച ലഖ്‌നൗവില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് പ്രഖ്യാപനം. അനന്തരവന്‍ ആകാശ് ആനന്ദ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മായാവതി ഇക്കാര്യം അറിയിച്ചത്.
മായാവതിയുടെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിന്റെ മകനാണ് ആകാശ്. നിലവില്‍ പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററാണ്. 2019ലാണ് മായാവതിയുടെ സഹോദരനെ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റായി നിയമിച്ചത്. പാര്‍ട്ടി ദുര്‍ബലമായ മേഖലകളില്‍ ആകാശിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്തുമെന്ന് ബിഎസ്പി നേതാവ് ഉദയ്വീര്‍ സിംഗ് പറഞ്ഞു.
ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മായാവതി തന്നെ പാര്‍ട്ടിയെ നയിക്കുമെന്നും ആനന്ദ് മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ നയിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചാരകരില്‍ ഒരാളായി ആകാശ് ആനന്ദും ഇടംപിടിച്ചിരുന്നു. അടുത്തിടെ നടന്ന നാല് തെരഞ്ഞെടുപ്പുകളില്‍, പ്രത്യേകിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലും ആകാശ് ആനന്ദ് പ്രധാന ചുമതലകള്‍ വഹിച്ചു. ബിഎസ്പി രാജസ്ഥാനില്‍ രണ്ട് സീറ്റുകള്‍ നേടിയെങ്കിലും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.