കൊച്ചിയുടെ വളര്‍ച്ച മേയറുടെ മാത്രം ഉത്തരവാദിത്തമല്ല; സൗമിനി ജയിന്‍

കൊച്ചി: കൊച്ചിയുടെ വളര്‍ച്ചയ്ക്ക് ഓരോ ജനപ്രതിനിധിക്കും ഉത്തരവാദിത്തമുണ്ടെന്ന് മേയര്‍ സൗമിനി ജെയിന്‍. കൊച്ചിയുടെ വളര്‍ച്ച മേയറുടെ മാത്രം ഉത്തരവാദിത്തമല്ല. നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെയെന്ന് സൗമിനി ജെയിന്‍ പറഞ്ഞു.

എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറഞ്ഞത് നഗരസഭാ പ്രവര്‍ത്തനങ്ങളുടെ പാളിച്ചയാണെന്ന ഹൈബി ഈഡന്‍ എംപിയുടെ വിമര്‍ശനത്തിന് മറുപടിയായിട്ടായാരുന്നു മേയറുടെ പ്രതികരണം.

കൊച്ചിയിലെ വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഹൈക്കോടതി വിമര്‍ശിച്ചതിന് പിറകേ, നഗരസഭയ്‌ക്കെതിരേ ഹൈബി ഈഡന്‍ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈബിയുടെ വിമര്‍ശനം. പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടിരുന്നു.

അതേസമയം കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ ഓപ്പറേഷന്‍ അനന്തയ്ക്ക് തുല്യമായ പദ്ധതി കൊച്ചിയില്‍ നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനമെന്നും പദ്ധതി 150 ദിവസം കൊണ്ട് നടപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. ടി.ജെ വിനോദിന്റെ വിജയം നഗരസഭാ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണെന്നും സൗമിനി ജെയിന്‍ പറഞ്ഞു.

Top