ചെന്നൈ: ചെന്നെയില്‍ നാഗപട്ടണം ജില്ലയിലെ കാവേരി നദീതീരത്തെ പ്രശസ്തമായ മയൂരനാഥസ്വാമി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരായ പിതാവിനെയും, മകനെയും പിരിച്ചു വിട്ടു. കാരണം മറ്റൊന്നുമല്ല, വിഗ്രഹത്തില്‍ കുറച്ച് പരിഷ്‌കാരം കൊണ്ടു വരുവാന്‍ ശ്രമിച്ചതാണ് ഈ പിരിച്ചു വിടലിനു കാരണം. സാരിയ്ക്ക് പകരമായി ദേവി വിഗ്രഹത്തെ ചുരിദാര്‍ ധരിപ്പിച്ച രാജ ഗുരുക്കള്‍ എന്ന പൂജാരിയുടെ നടപടിയിലാണ് ഭക്തര്‍ രോക്ഷാകുലരായത്.
ക്ഷേത്രത്തിലെ അഭയാംബിക ദേവിയുടെ വിഗ്രഹത്തിലാണ് പൂജാരി ചുരിദാര്‍ ധരിപ്പിച്ചത്. ആറ് മാസങ്ങള്‍ക്ക് മുമ്പാണ് പിതാവായ പ്രധാനപൂജാരി കല്യാണസുന്ദരം ഗുരുക്കളെ സഹായിക്കാന്‍ മകനായ രാജ ഗുരുക്കള്‍ ക്ഷേത്രത്തില്‍ എത്തിയത്. വെള്ളിയാഴ്ചകളിലെ വിശിഷ്ടമായ ചന്ദനം ചാര്‍ത്തല്‍ പൂജയുടെ ഭാഗമായി സാധാരണ ചെയ്യുന്ന സാരി അലങ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി ഗല്‍റ്റര്‍ ഉപയോഗിച്ച് ചുരിദാര്‍ രൂപമാണ് രാജ ഗുരുക്കള്‍ നല്‍കിയത്.
ഇയാള്‍ തന്നെ വിഗ്രഹത്തിന്റെ ചിത്രമെടുത്ത് വാട്‌സാപ്പില്‍ ഇടുകയും ചെയ്തു. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാവുകയായിരുന്നു. ഫോട്ടോ വൈറലായതോടെ ഭക്തര്‍ അന്വേഷണം നടത്തുകയും, തുടര്‍ന്ന് രാജയേയും കല്യാണ സുന്ദരത്തേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയുമായിരുന്നു. ആയിരത്തില്‍ അധികം വര്‍ഷം പഴക്കമുള്ളതാണ് വിഗ്രഹം. കാശിക്ക് തുല്യമായി ഭക്തര്‍ കണക്കാക്കുന്ന ക്ഷേത്രമാണ് മയൂരനാഥസ്വാമി ക്ഷേത്രം.