രാഹുലിനെ ചോദ്യംചെയ്തപ്പോൾ ഞങ്ങൾ കയ്യടിച്ചില്ല; എംബി രാജേഷ്

തിരുവനന്തപുരം: നിയമസഭയിൽ ഇ ഡി റിമാൻഡ് റിപ്പോർട്ട് ഉയർത്തി ലൈഫ് മിഷനിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോൺഗ്രസ് അംഗങ്ങളെ പരിഹസിച്ചും വിമർശിച്ചും മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ദേശിയ തലത്തിൽ ഇ ഡിക്കെതിരെ ഒരു നിലപാടും കേരളത്തിൽ ഇ ഡിക്കെതിരെ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് കാണുമ്പോൾ തോന്നുന്നത് 2 കോൺഗ്രസ് ഉണ്ടോ എന്ന സംശയമാണെന്ന് നിയമസഭയിൽ ചർച്ചക്കിടെ മന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ അല്ല, പകരം ഇഡിയുടെ കുറ്റന്വേഷണ പരീക്ഷണങ്ങളാണ് ഇവിടുത്തെ കോൺഗ്രസിന് വേദവാക്യം. റിമാൻഡ് റിപോർട്ട് കോൺഗ്രസ് വേദവാക്യമായി കാണുന്നു. കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നത്. നേരത്തെ ഉന്നയിച്ച ബിരിയാണി ചെമ്പും ഖുർ ആനും എന്തായെന്നും മന്ത്രി പരിഹസിച്ചു.

കോൺഗ്രസ് ദേശീയ നേതൃത്വവും പ്ലീനറി സമ്മേളന പ്രമേയവും ഇ ഡിക്ക് എതിരെയാണെന്ന് ചൂണ്ടികാട്ടിയ എം ബി രാജേഷ്, സംസ്ഥാന കോൺഗ്രസ്‌ ഇ ഡി യെ വലുതായി കാണുന്നുവെന്നും അഭിപ്രായപ്പെട്ടു. നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയ പ്രമേയത്തിൽ ഉറച്ചു നിൽക്കാൻ കഴിയുമോ എന്നും ചോദിച്ച മന്ത്രി, രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുമ്പോൾ കയ്യടിക്കാൻ ഇടതുപക്ഷം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടികാട്ടി. അവിടെ ഇ ഡ‍ിക്ക് എതിരെ സമരം ചെയ്യ്തിട്ട് ഇവിടെ ഇ ഡി ക്ക് വേണ്ടി വാദിക്കാൻ അസാമാന്യ വൈഭവം വേണമെന്ന് പറഞ്ഞ രാജേഷ് ആ വൈഭവത്തെ നമിക്കുന്നു എന്നും പറഞ്ഞു.

Top