തരൂരില്‍ എ.കെ ബാലന്റെ ഭാര്യ ജമീല, തൃത്താലയില്‍ സ്ഥാനാര്‍ഥിയായി എം.ബി രാജേഷ്

പാലക്കാട്: പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ ധാരണയായത്. മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.

എ കെ ബാലന്‍ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിന്റെ ഭാര്യ ജമീലയെ പാര്‍ട്ടി പരിഗണിക്കുന്നത്. ബാലന്‍ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് തരൂര്‍. എന്നാല്‍ സ്ഥിരം മുഖങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചതോടെയാണ് ബാലന്‍ മത്സരരംഗത്ത് നിന്നും മാറുന്നതും പകരം ഭാര്യയുടെ പേര് സജീവ പരിഗണനയിലേക്ക് എത്തുന്നതും.

കടുത്ത മത്സരം നടക്കാന്‍ സാധ്യതയുള്ള തൃത്താല പോലൊരു മണ്ഡലത്തിലേക്ക് രാജേഷിനെ അയക്കണോ എന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായമുണ്ടായെങ്കിലും വി ടി ബല്‍റാമിനെ പരാജയപ്പെടുത്തി മണ്ഡലം നിലനിര്‍ത്താന്‍ രാജേഷിനാവും എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം അവിടെ സ്ഥാനാര്‍ത്ഥിയായി ജില്ലാ സെക്രട്ടേറിയറ്റ് നിശ്ചയിക്കുകയായിരുന്നു.

 

Top