യു.ഡി.എഫ് എം.പിമാര്‍ സത്യസന്ധത ഇല്ലാത്തവര്‍’; കോച്ച് ഫാക്ടറിക്കായുള്ള സമരത്തില്‍ നിന്നു വിട്ടുനിന്നവര്‍ക്കെതിരെ എം.ബി രാജേഷ്

ന്യൂഡല്‍ഹി : തങ്ങള്‍ എത്ര സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യു.ഡി.എഫ്.എം.പി.മാര്‍ ഇന്ന് തെളിയിച്ചെന്ന് എംബി രാജേഷ് എംപി. കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാര്‍ലമെന്റിന് മുന്നില്‍ സംയുക്ത പ്രതിഷേധം സംഘടിപ്പിക്കാന്‍ നിശ്ചയിച്ചത് യു.ഡി.എഫ്.എം.പി.മാരുമായി ആലോചിച്ചാണ്. അവര്‍ സമ്മതമറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തില്‍ നിന്ന് അവര്‍ വിട്ടുനിന്നെന്ന് എംബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മാത്രമല്ല,പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവട്ടെ താനിപ്പോള്‍ വരാം എന്ന് പറഞ്ഞ് പാര്‍ലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ലന്നും അദ്ദേഹം വ്യക്തമാക്കി.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

തങ്ങൾ എത്ര സത്യസന്ധതയില്ലാത്തവരാണെന്ന് കേരളത്തിലെ യു.ഡി.എഫ്.എം.പി.മാർ ഇന്ന് തെളിയിച്ചു. കോച്ച് ഫാക്ടറി പ്രശ്‌നമുന്നയിച്ച് പാർലമെന്റിന് മുന്നിൽ യോജിച്ച പ്രതിഷേധം ഇന്ന് സംഘടിപ്പിക്കാൻ നിശ്ചയിച്ചത് യു.ഡി.എഫ്.എം.പി.മാരുമായി ആലോചിച്ചാണ്. അവർ സമ്മതമറിയിക്കുകയും ചെയ്തു. എന്നാൽ ഒരു മുന്നറിയിപ്പുമില്ലാതെ അവസാന നിമിഷം സംയുക്ത പ്രതിഷേധത്തിൽ നിന്ന് അവർ വിട്ടുനിന്നു. മാത്രമല്ല,പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പി. ആവട്ടെ താനിപ്പോൾ വരാം എന്ന് പറഞ്ഞ് പാർലമെന്റിനകത്തേക്ക് പോയ ശേഷം പിന്നീട് വന്നതുമില്ല. കോൺഗ്രസ് എം.പി.മാർ വിലക്കിയതാവണം. ഇന്നലെ സി.പി.എം ലോക്‌സഭാ നേതാവ് പി.കരുണാകരൻ കോൺഗ്രസ് ചീഫ് വിപ്പ് കെ.സി.വേണുഗോപാലുമായി സംസാരിച്ചാണ് ഇന്ന് സംയുക്ത പ്രതിഷേധം ആവാം എന്ന് നിശ്ചയിച്ചത്. പാലക്കാട് എം.പി. എന്ന നിലയിൽ ഞാനും കെ.സി.വേണുഗോപാലടക്കം കഴിയാവുന്നത്ര യു.ഡി.എഫ്.എം.പി.മാരോടും സംസാരിച്ചിരുന്നു. രാവിലെ 10.30 ന് എത്താമെന്ന് അവരെല്ലാം സമ്മതിച്ചതുമാണ്. അതനുസരിച്ച് മാധ്യമങ്ങൾക്കെല്ലാം അറിയിപ്പ് കൊടുത്തതും സംയുക്ത പ്രതിഷേധം എന്നായിരുന്നു.

മുഖ്യമന്ത്രി വിളിച്ചു ചേർത്ത കേരളത്തിലെ എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച് കൂടിയാണ് സംയുക്തപ്രതിഷേധം സംഘടിപ്പിച്ചത്.കോച്ച് ഫാക്ടറി വിഷയത്തിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി നീങ്ങണമെന്നായിരുന്നു എം.പി.മാരുടെ സമ്മേളനത്തിന്റെ തീരുമാനം. മാത്രമല്ല, പ്രധാനമന്ത്രിയെ കണ്ട സർവകക്ഷി സംഘത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് കോച്ച്ഫാക്ടറിയായിരുന്നു. നേരത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ റെയിൽഭവനു മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചപ്പോൾ തങ്ങളെ വിളിച്ചില്ലെന്ന് പരിഭവം പറഞ്ഞവരാണിവർ. ഇപ്പോൾ ഉപചാരപൂർവ്വം ക്ഷണിച്ചപ്പോഴുള്ള സ്ഥിതിയോ? ഇതിനുമുമ്പ്, മോദിസർക്കാർ അധികാരത്തിൽ വന്നയുടൻ കോച്ച് ഫാക്ടറി ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണാൻ ഒരുമിച്ചു പോകാൻ ക്ഷണിച്ചപ്പോഴും യു.ഡി.എഫ്.എം.പി.മാർ പിൻമാറുകയാണ് ചെയ്തിട്ടുള്ളത്. ഇന്നത്തെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എന്തെങ്കിലും അസൗകര്യമോ എതിർപ്പോ അവസാന നിമിഷം വരെ അവർ അറിയിച്ചിരുന്നുമില്ല. പങ്കെടുക്കുമെന്ന് പറഞ്ഞ് വിട്ടുനിന്നതിനെ കൊടിയ വഞ്ചനയായി മാത്രമേ കാണാനാവൂ. അല്ലെങ്കിലും കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഏറ്റവുമധികം വഞ്ചന കാട്ടിയിട്ടുള്ളവർ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുകളായിരുന്നല്ലോ. അതേ പാത പിന്തുടരുന്ന മോദി സർക്കാരിനെ ചോദ്യം ചെയ്യാൻ ഇവർക്കെന്ത് ധാർമ്മിക അവകാശം? യു.ഡി.എഫ്.എം.പി.മാർ അവസാന നിമിഷം പിൻമാറിയത് കോച്ച് ഫാക്ടറി കാര്യത്തിൽ തങ്ങൾ കാണിച്ച വഞ്ചനയുടെ കുറ്റബോധം കൊണ്ടാവാനെ തരമുള്ളൂ. പക്ഷേ, ഞങ്ങളെയാരും വിളിച്ചില്ല, ഞങ്ങളോടാരും പറഞ്ഞില്ല, ഞങ്ങളൊന്നുമറിഞ്ഞില്ല എന്നിനി മിണ്ടിപ്പോകരുത്. നിങ്ങൾ തനി വഞ്ചകരാണെന്ന് ഇപ്പോൾ എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞു.

Top