സവര്‍ക്കര്‍ ഫാന്‍സിന്റെ ജല്‍പനങ്ങള്‍ക്ക് ചെവികൊടുക്കാനില്ലെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: ഭഗത് സിംഗിന്റെ രക്തസാക്ഷിത്വത്തെ വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്ന ആരോപണത്തിന് മറുപടിയുമായി നിയമസഭാ സ്പീക്കര്‍ എംബി രാജേഷ്. ഭഗത് സിംഗിന്റെ ആ പാരമ്പര്യം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ വളര്‍ന്നുവന്നത്. മാത്രമല്ല കട്കട്കലാനിലെ ഭഗത് സിംഗിന്റെ ജന്മഗൃഹത്തില്‍ പോകാനും അദ്ദേഹത്തിന്റെ ജന്മനാട്ടിലെ രക്തസാക്ഷി ദിനാചാരണത്തില്‍ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ആവേശകരമായ അനുഭവമായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഭഗത് സിംഗിനെ അവഗണിച്ച സവര്‍ക്കര്‍ ഫാന്‍സ് അസോസിയേഷന്‍കാരുടെ ജല്‍പ്പനങ്ങള്‍ക്കൊന്നും ചെവി കൊടുക്കാന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സ്പീക്കറുടെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ഭഗത് സിംഗിന്റെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും രക്തസാക്ഷിത്വത്തെ താരതമ്യപ്പെടുത്തി എന്നാണല്ലോ ഇപ്പോൾ എനിക്കെതിരെ ചിലർ ഉയർത്തിയിട്ടുള്ള ആക്ഷേപം. ഭഗത് സിംഗിനോട് ചിലർക്ക് പെട്ടെന്നുണ്ടായ സ്നേഹ ബഹുമാനങ്ങൾ ആശ്ചര്യപ്പെടു ത്തുന്നതാണ്. ഇപ്പോൾ കോലാഹലമുണ്ടാക്കുന്നവർക്ക് എന്നു മുതലാണ് ഭഗത് സിങിനോട് ആദരവ് തോന്നിത്തുടങ്ങിയത്? ചില വസ്തുതകൾ ഇപ്പോൾ പറയേണ്ടതുണ്ട്.

1. 2017 മാർച്ച് 23 ന് ഭഗത് സിംഗ് രക്തസാക്ഷിദിനത്തിൽ ഇന്ത്യൻ പാർലമെന്റിൽ ഞാനൊരു ആവശ്യമുയർത്തിയിരുന്നു. ചണ്ഡീഗഡ് വിമാനത്താവളത്തിന് അനശ്വര രക്തസാക്ഷിയായ ഭഗത് സിംഗിന്റെ പേര് നൽകണമെന്നതായിരുന്നു ആവശ്യം. പഞ്ചാബിൽ നിന്നുള്ള എം പിമാർ ഒറ്റക്കെട്ടായും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ പാർട്ടികളിൽ പെട്ട നിരവധി അംഗങ്ങളും അതിനെ പിന്തുണച്ചു. ഒരു പാർട്ടിയിലെ അംഗങ്ങൾ മാത്രം മൗനം പാലിച്ചു. ആ ആവശ്യം ഉന്നയിക്കാൻ ഒരു കാരണമുണ്ടായിരുന്നു. ഒട്ടും അർഹനല്ലാത്ത, സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കുമില്ലാത്ത ഒരാളുടെ പേര് ചണ്ഡീഗഡ് വിമാനത്താവളത്തിന് കൊടുക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് ഭഗത് സിങ്ങിന്റെ പേരാണ് കൊടുക്കേണ്ടതെന്ന ആവശ്യം ഞാൻ ഉന്നയിച്ചത്. ആ ആവശ്യം കേന്ദ്ര സർക്കാർ അന്ന് ചെവിക്കൊണ്ടില്ല. ഇപ്പോഴും ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര് നൽകിയതായി എന്റെ അറിവിലില്ല.ഭഗത് സിംഗിനോട് പെട്ടെന്നിപ്പോൾ ഒരു സ്നേഹം ഉദിച്ചിരിക്കയാണല്ലോ. എന്തായാലും ഭഗത് സിംഗിൻ്റെ ജന്മനാട്ടിലെ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന നാല് വർഷം പഴക്കമുള്ള എന്റെ ആവശ്യം ഇപ്പോഴെങ്കിലും നിറവേറ്റുമോ? ഭഗത് സിംഗിനോടുള്ള ആദരവ് എത്രത്തോളമുണ്ടെന്ന് കാണട്ടെ.

2. ഇന്ത്യൻ പാർലമെന്റിൽ ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിച്ചത് സ. മുഹമ്മദ് സലിം രാജ്യസഭാ അംഗമായിരുന്നപ്പോൾ നൽകിയ ഒരു കത്തിനെ തുടർന്നാണ്. മുഹമ്മദ് സലിം അന്ന് ഡി വൈ എഫ് ഐ യുടെ ജനറൽ സെക്രട്ടറിയുമാണ്.അന്ന് ഉപരാഷ്ട്രപതി ആയിരുന്ന കെ ആർ നാരായണൻ പ്രതിമ സ്ഥാപിക്കണമെന്ന സലീമിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാടെടുത്തു. എന്നാൽ ചിലർ തടസ്സവാദങ്ങൾ ഉന്നയിച്ചു. ആവശ്യം കോൾഡ് സ്റ്റോറേജിലായി. 1998 ൽ ശ്രീ. എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് അധികാരത്തിലെത്തിയപ്പോൾ സവർക്കറുടെ ഛായാചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ തന്നെ അനാച്ഛാദനം ചെയ്ത് വിവാദമുയർത്തിയത് എല്ലാവരും ഓർക്കുമല്ലോ. സവർക്കർക്ക് സെൻട്രൽ ഹാളിൽ തന്നെ സ്ഥാനം കിട്ടിയപ്പോഴും പാർലമെന്റ് വളപ്പിലെങ്ങും ഭഗത് സിംഗിന് സ്ഥാനം കൊടുക്കാത്തവർക്കാണ് ഇപ്പോൾ ഒരു ഉൾവിളി ഉണ്ടായിരിക്കുന്നത് .

2004ൽ ഒന്നാം യു പി എ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുഹമ്മദ് സലിം ലോക്സഭയിലെത്തിയിരുന്നു. അദ്ദേഹം വീണ്ടും ഈ ആവശ്യം ഉന്നയിച്ച് ലോക്സഭാ സ്പീക്കർ സോമനാഥ ചാറ്റർജിക്ക് കത്ത് നൽകി. തുടർന്ന് ഇതുസംബന്ധിച്ച് പാർലമെന്ററി കമ്മിറ്റി ചർച്ച നടത്തുകയും മുഹമ്മദ് സലീമിന്റെ ആവശ്യം സ്പീക്കർ സോമനാഥ് ചാറ്റർജിയും പാർലമെന്ററി സമിതിയും അംഗീകരിക്കുകയും ഭഗത് സിംഗിന്റെ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഭഗത് സിംഗിന്റെ പ്രതിമ പാർലമെന്റ് വളപ്പിൽ സ്ഥാപിക്കപ്പെടുന്നത്. ബ്രിട്ടീഷുകാരന്റെ തൂക്കുമരമേറിയ ഭഗത് സിംഗിനെ നിഷ്കരുണം അവഗണിക്കുകയും അധികാരം കിട്ടിയ ഉടൻ, ബ്രിട്ടീഷുകാർക്ക് മാപ്പെഴുതുകയും ചെയ്ത സവർക്കറെ പാർലമെന്റിൽ പ്രതിഷ്ഠിച്ച് ആദരിക്കുകയും ചെയ്തവരാണ് ഭഗത് സിംഗിനോട് അനാദരവ് കാണിച്ചത്. ഞാനല്ല.

3. ഭഗത് സിംഗിനോട് മാത്രമല്ല ജാലിയൻവാലാ ബാഗ് രക്തസാക്ഷികളോടുമുള്ള ഇവരുടെ സമീപനം വ്യത്യസ്തമായിരുന്നില്ല. 2019 ൽ ജാലിയൻവാലാബാഗ് രക്തസാക്ഷി സ്മാരകം നേരിടുന്ന അവഗണനയും ഫണ്ട് അനുവദിക്കാത്തതിനാൽ അവിടത്തെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിർത്തലാക്കിയതും സംബന്ധിച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ചത് ഞാനായിരുന്നു. മാത്രമല്ല, ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ബ്രിട്ടൻ മാപ്പു ചോദിക്കണമെന്ന ആവശ്യവും പാർലമെന്റിൽ ശ്രീ. ശശി തരൂരും ഞാനും ഉയർത്തുകയുണ്ടായി. ജാലിയൻവാലാബാഗ് രക്തസാക്ഷി സ്മാരകത്തെ അവഗണിക്കുന്നതിനെതിരെയും ഫണ്ട് അനുവദിക്കാത്തതിനെതിരെയും ഞാൻ പ്രധാനമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഹിന്ദുവിന്റെയും മുസൽമാന്റെയും സിഖുകാരുടെയുമെല്ലാം ചോര ഒരുമിച്ചൊഴുകിപ്പരന്ന ജാലിയൻവാലാബാഗ് പോലുള്ള സമരമുഖങ്ങളിൽ നിന്നാണ് ആധുനിക ഇന്ത്യ എന്ന ആശയം ഉയർന്നുവന്നത്. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യ എന്ന ആശയത്തിന്റെ ശത്രുപക്ഷത്തുള്ളവർക്ക് ആ രക്തസാക്ഷിത്വങ്ങളോട് മമത തോന്നാത്തത് സ്വാഭാവികം.2019ൽ ജാലിയൻവാലാബാഗ് രക്തസാക്ഷിത്വത്തിന്റെ ശതാബ്ദി വർഷമായിരുന്നല്ലോ അത് ഉചിതമായ നിലയിൽ രാജ്യമാകെ ആചരിക്കാൻ എന്തുകൊണ്ടാണ് ഇവർ മുൻകയ്യെടുക്കാതിരുന്നത്?

4. ഞാൻ പ്രവർത്തിച്ചതും വളർന്നുവന്നതും ഡി വൈ എഫ് ഐ എന്ന യുവജന സംഘടനയിലൂടെയാണെന്ന് എല്ലാവർക്കുമറിയാമല്ലോ.ഒരു ചരിത്ര വസ്തുത കൂടി ഓർമ്മിപ്പിക്കട്ടെ. 1980ൽ ലുധിയാനയിൽ ഡി വൈ എഫ് ഐയുടെ രൂപീകരണ സമ്മേളനത്തിൽ അഭിവാദ്യമർപ്പിക്കാൻ ഉടനീളം രണ്ടു പേരുടെ സാന്നിധ്യമുണ്ടായിരുന്നു. പണ്ഡിറ്റ് ശിവവർമയും പണ്ഡിറ്റ് കിഷോരിലാലും. രണ്ടു പേരും ഭഗത് സിംഗിന്റെ ഉറ്റ സഖാക്കളും സഹപ്രവർത്തകരും ഭഗത് സിംഗിനൊപ്പം ജയിലിൽ കഴിഞ്ഞവരുമാണ്. ഭഗത് സിംഗിന്റെ ആ പാരമ്പര്യം ഏറ്റുവാങ്ങിയ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് ഞാൻ വളർന്നുവന്നത്. മാത്രമല്ല കട്കട്കലാനിലെ ഭഗത് സിംഗിന്റെ ജന്മഗൃഹത്തിൽ പോകാനും അദ്ദേഹത്തിന്റെ ജന്മനാട്ടിലെ രക്തസാക്ഷി ദിനാചാരണത്തിൽ പങ്കെടുക്കാനും കഴിഞ്ഞത് ജീവിതത്തിലെ ആവേശകരമായ അനുഭവമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ട് ഭഗത് സിംഗിനെ അവഗണിച്ച സവർക്കർ ഫാൻസ്‌ അസോസിയേഷൻകാരുടെ ജൽപ്പനങ്ങൾക്കൊന്നും ചെവി കൊടുക്കാൻ ഒട്ടും ഉദ്ദേശിക്കുന്നില്ല.

എം. ബി. രാജേഷ്
24.08.2021

Top