തിരുവന്തപുരം: എം.ബി രാജേഷ് പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെതിരെയാണ് വിജയം. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥിന് 40 വോട്ടാണ് നേടാനായത്. 56 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ഒരു മണിക്കൂറോളം സമയമെടുത്താണ് വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയത്.
നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പേര്‍ ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. മന്ത്രി വി അബ്ദുറഹിമാന്‍, കോവളം എംഎല്‍എ എം വിന്‍സന്റ്, നെന്മാറ എംഎല്‍എ കെ ബാബു എന്നിവരാണ് ഇന്നെത്താതിരുന്നത്. പ്രോ ടൈം സ്പീക്കറായ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.
കേരള നിയമസഭയിലെ 23ാമത് സ്പീക്കറാണ് അദ്ദേഹം. എംബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രോ ടൈം സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞു. എംബി രാജേഷിനെ സ്പീക്കര്‍ സീറ്റിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുഗമിച്ചു.