തിരുവനന്തപുരം:മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്കും നിയമനവും ലഭിച്ചതിനെച്ചൊല്ലി വിവാദം. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേക്ക്, ഉയര്‍ന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥിയെ തഴഞ്ഞാണു ആര്‍ നിനിതയുടെ നിയമനമെന്ന് ഇന്റര്‍വ്യൂ ബോര്‍ഡിലെ സബ്ജക്ട് എക്‌സ്‌പേര്‍ട്ട് ഡോ. ഉമര്‍ തറമേല്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ ആരോപിച്ചു. എന്നാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണു നിയമനമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് വിശദീകരിച്ചു.
പ്രതികരിക്കാനില്ലെന്നും വിസിയാണു വസ്തുതകള്‍ പറയേണ്ടതെന്നുമായിരുന്നു രാജേഷിന്റെ പ്രതികരണം. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ഉമര്‍ തറമേല്‍ പറഞ്ഞു. മലയാളം അസി. പ്രഫസര്‍ തസ്തികയിലേക്ക് 21നു സിന്‍ഡിക്കറ്റ് അംഗീകരിച്ച റാങ്ക് പട്ടികയില്‍ രാജേഷിന്റെ ഭാര്യ ആര്‍. നിനിതയാണ് മുസ്ലിം സംവരണ ക്വാട്ടയില്‍ ഒന്നാമതെത്തിയത്. കെ.പി.എ. ഹസീന, വി.ഹിക്മത്തുല്ല എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി. കെ.കെ. രാഗേഷ് എംപി, എ.എന്‍. ഷംസീര്‍ എംഎല്‍എ, മുന്‍ എംപിമാരായ പി.രാജീവ്, പി.കെ. ബിജു, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം എന്നിവരുടെ ഭാര്യമാരുടെ നിയമനങ്ങളും മുന്‍പു വിവാദമായിരുന്നു.