മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു

exam

തിരുവനന്തപുരം: ആരോഗ്യസര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്ത നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളെയും രണ്ട് ഡെന്റല്‍ കോളേജുകളെയും ഒഴിവാക്കി കൊണ്ട് മെഡിക്കല്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

എം.ബി.ബി.എസ്., ബി.ഡി.എസ്., മറ്റ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ എന്നിവയ്ക്കുള്ള പ്രവേശനനടപടികളാണ് ആരംഭിച്ചിരിക്കുന്നത്. www.cee.kerala.gov.in, www.ceekerala.org എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും അലോട്ട്‌മെന്റ് പട്ടിക ലഭ്യമാണ്.

മെഡിക്കല്‍ റാങ്ക് ക്രമത്തിലുള്ള പട്ടികയില്‍ അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, കാറ്റഗറി എന്നിവ ലഭ്യമാകും. സ്വാശ്രയ മെഡിക്കല്‍/ ഡെന്റല്‍ കേളേജുകളിലെ എന്‍.ആര്‍.ഐ. ക്വാട്ട, ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്കും ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ഹോം പേജില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ടും ലഭ്യമാകുന്നതാണ്.

അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മെമ്മോയുടെ പ്രിന്റൗട്ട് സഹിതം ജൂലായ് ആറ് മുതല്‍ 12ന് വൈകിട്ട് അഞ്ച് വരെ ഫീസടച്ച് പ്രവേശനം നേടേണ്ടതാണ്.

Top