ഷാഹിദാ കമാലിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് എം.സി.ജോസഫൈന്‍

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ കൊല്ലം പത്തനാപുരത്ത് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. കൊട്ടാരക്കരയില്‍ നിന്ന് പത്തനാപുരത്തേക്കുള്ള യാത്രക്കിടെയാണ് ഷാഹിദാ കമാലിനുനേരെ ഹര്‍ത്താലനുകൂലികളുടെ ആക്രമണമുണ്ടായത്.

ഹര്‍ത്താല്‍ ദിനത്തില്‍ കാറില്‍ യാത്ര ചെയ്തതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് തന്നെ തടഞ്ഞു നിര്‍ത്തി കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞിരുന്നു.

കന്യാസ്ത്രീയെ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ. ഇതിനിടയിലാണ് റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാര്‍ തടയുന്നത്. ആരായാലും കാറിപ്പോള്‍ കടത്തി വിടില്ലെന്നായിരുന്നു വണ്ടി തടഞ്ഞവരുടെ നിലപാട്.

കാറിന്‍റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല. ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു. തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തു.

തന്നെ മര്‍ദ്ദിച്ച ആളെ തനിക്ക് വ്യക്തമായി അറിയാമെന്നും ആയാളുടെ ഫോട്ടോ തന്റെ കൈവശമുണ്ടെന്നും ആ വ്യക്തിയെ അറസ്റ്റ് ചെയ്യാതെ താനിനി മുന്നോട്ട് നീങ്ങില്ലെന്നും ഷാഹിദാ കമാല്‍ നിര്‍ബന്ധം പിടിച്ചുവെങ്കിലും പിന്നീട് പത്തനാപുരം പൊലീസ് സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്നും കടത്തിവിടുകയായിരുന്നു.

അതേസമയം, ഷാഹിദ കമാലിന്റെ വാഹനം ചീറി പാഞ്ഞുവരുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സന്‍ പറഞ്ഞു. വാഹനം തടയുക മാത്രമാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ചെയ്തതെന്നും പ്രശ്‌നമുണ്ടായക്കിയത് ഷാഹിദ കമാലെന്നും എം.എം.ഹസ്സന്‍ വ്യക്തമാക്കി.

Top