ബോളിവുഡ് സംഗീത സംവിധായകന്‍ അനു മാലിക്കിനെതിരെ നിലനിന്ന മീടൂ ആരോപണക്കേസ് ദേശീയ വനിത കമ്മീഷന്‍ അവസാനിപ്പിച്ചു. സംഗീത സംവിധായകനെതിരെ ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്‌റോ, നേഹ ഭാസിന്‍, നിര്‍മാതാവ് ഡാനിക ഡിസൂസ എന്നിവര്‍ നല്‍കിയ കേസാണ് പിന്‍വലിച്ചിരിക്കുന്നത്.
പരാതിക്കാര്‍ കേസുമായി സഹരിക്കുന്നില്ലെന്നും തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇപ്പോള്‍ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. പരാതിക്കാരോ അല്ലെങ്കില്‍ അവരുമായി ബന്ധപ്പെട്ട മറ്റാരെങ്കിലോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.
എന്നാല്‍ വനിത കമ്മീഷന്‍ തങ്ങളെ വിളിക്കുകയോ തെളിവ് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് സോന മഹാപത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്. വനിതാ കമ്മീഷന്റെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമായിരുന്നതെന്നും ഗായിക ചൂണ്ടിക്കാട്ടി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അനു മാലിക്കിനെതിരേ ലൈംഗികാരോപണം ഉയരുന്നത്. തുടര്‍ന്ന് അദ്ദേഹം സിനിമയില്‍ നിന്ന് താല്‍ക്കാലികമായി മാറി നിന്നെങ്കിലും അതിനിടെ ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തെത്തി. ഇതേ തുടര്‍ന്നും അദ്ദേഹത്തിനെതിരേ കടുത്ത എതിര്‍പ്പ് ഉയര്‍ന്നു. പ്രതിഷേധം ശക്തമായതോടെ അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും സംഭവത്തില്‍ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.