മീടൂ ആരോപണം; എം.ജെ.അക്ബറിന്റെ വാദം തള്ളി മാധ്യമപ്രവര്‍ത്തക

ന്യൂഡല്‍ഹി: മീടൂ ആരോപണത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന എം.ജെ.അക്ബറിന്റെ വാദം തള്ളി മാധ്യമപ്രവര്‍ത്തക രംഗത്ത്. പരസ്പര സമ്മതത്തോടുള്ള ബന്ധമായിരുന്നു മാധ്യമ പ്രവര്‍ത്തകയുമായി തനിക്ക് ഉണ്ടായിരുന്നതെന്നാണ് അക്ബര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഇത് തെറ്റാണെന്നാണ് മാധ്യമപ്രവര്‍ത്തക പറഞ്ഞത്.

നാഷണല്‍ പബ്ലിക് റേഡിയോയുടെ ബിസിനസ് എഡിറ്ററായ പല്ലവി ഗൊഗോയ്‌യാണ് ‘മീ ടൂ’ ആരോപണവുമായി രംഗത്തെത്തിയത്. ബലം പ്രയോഗിച്ചാണ് അക്ബര്‍ തന്നെ ഉപദ്രവിച്ചിരുന്നതെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരുന്നു.

ഏഷ്യന്‍ ഏജില്‍ ജോലി ചെയ്തിരുന്ന സമയം ജയ്പൂരിലെ ഹോട്ടലില്‍ വെച്ച് അക്ബര്‍ തന്നെ പീഡിപ്പിച്ചെന്നാണ് പല്ലവി വെളിപ്പെടുത്തിയത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയില്‍ നിന്നും ഏറെ അകലെയുള്ള ഗ്രാമത്തിലേക്ക് തന്നെ റിപ്പോര്‍ട്ടിംഗിനായി അയച്ചെന്നും അവിടെ നിന്ന് അക്ബര്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടിരുന്നെന്നും അവിടെ വച്ച് അക്ബര്‍ തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.

ഇരുപതോളം വനിതാമാധ്യമപ്രവര്‍ത്തകരുടെ വെളിപ്പെടുത്തലിന് ശേഷം രാജിവെച്ച അക്ബര്‍ പുതിയ വെളിപ്പെടുത്തലോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

Top