സമോവയിൽ മീസൽസ് രോഗം പടർന്നുപിടിക്കുന്നു ; ഇരുപത് മരണം

പെസഫിക് ദ്വീപ് രാഷ്ട്രമായ സമോവയില്‍ ജനങ്ങളെ ആശങ്കയിലാക്കി മീസല്‍സ് രോഗം പടര്‍ന്നുപിടിക്കുന്നു. ഇരുപത് പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ഒരാഴ്ചയ്ക്കിടെ സമോവയിലെ മീസല്‍സ് ബാധിതരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. നിലവില്‍ 1644 പേരാണ് രോഗബാധിതരായിട്ടുള്ളത്. യുനിസെഫിന്റെ നേതൃത്വത്തില്‍ രോഗപ്രതിരോധത്തിനായി ഒരു ലക്ഷത്തിലധികം വാക്സിനുകള്‍ എത്തിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ നിന്നും എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ സംഘം സമോവയില്‍ എത്തിയിട്ടുണ്ട്. സമീപത്തുള്ള മറ്റ് ദ്വീപ രാഷ്ട്രങ്ങളും സമോവയ്ക്ക് സഹായമെത്തിക്കുന്നുണ്ട്.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളെയാണ് ഏറെയും രോഗം ബാധിച്ചിരിക്കുന്നത്. രോഗം നിയന്ത്രണവിധേയമാക്കാന്‍ വിവിധ ആരോഗ്യ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാമ്പെയിനുകള്‍ സജീവമാണ്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നേരത്തെ എട്ട് ദിവസത്തോളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Top