ജിദ്ദ: ഹജ്ജ് തീര്‍ഥാടനം പൂര്‍ത്തീയാകുമ്പോള്‍ പരിസ്ഥിതി സൗഹൃദമായ ഒരു തീര്‍ഥാടനകാലം ഉറപ്പുവരുത്താനായതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മക്ക മുനിസിപ്പാലിറ്റിയും. ഏകദേശം 2.4 മില്യണ്‍ തീര്‍ഥാടകര്‍ ഒരുമിക്കുന്ന പുണ്യഭൂമിയില്‍ ഇത്തവണ മാലിന്യനിര്‍മാര്‍ജ്ജനത്തിന് വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ നിരവധി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചും ശുചീകരണത്തിന് പതിനായിരത്തിലേറെ തൊഴിലാളികളെ നിയോഗിച്ചുമാണ് മാലിന്യനിര്‍മാര്‍ജ്ജനമെന്ന വലിയ വെല്ലുവിളി മറികടന്നത്. മക്കയിലും മിനായിലും പ്രത്യേക നിറത്തിലുള്ള വേസ്റ്റ് ബിന്നുകളാണ് സ്ഥാപിച്ചിരുന്നത്. ജൈവമാലിന്യം, പ്ലാസ്റ്റിക് മാലിന്യം തുടങ്ങിയവ തരംതിരിച്ച് നിക്ഷേപിക്കാന്‍ വ്യത്യസ്ത നിറങ്ങളിലുടെ ബിന്നുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനുപുറമേ നിരത്തുകളിലെ മാലിന്യം ശേഖരിക്കാന്‍ പതിനായിരത്തിലേറെ തൊഴിലാളികളും ഉണ്ടായിരുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെ സംബന്ധിച്ച് തീര്‍ഥാടകര്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളും നല്‍കിയിരുന്നു.
ഓരോ വഴികളിലും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. വേസ്റ്റ് ബിന്നുകളില്‍ നിന്നും നിരത്തുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്ലിങ് കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്യും. ഈ പണം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാറാണ് പതിവ്.
ഓരോവര്‍ഷവും 42000 ടണ്‍ മാലിന്യമാണ് ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം മക്കയിലും സമീപപ്രദേശങ്ങളിലും കുമിഞ്ഞുകൂടാറുള്ളത്. വരും വര്‍ഷങ്ങളില്‍ മാലിന്യത്തിന്റ അളവ് കുറയ്ക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.