ഹജ്ജ് തീര്‍ഥാടകരെ വരവേല്‍ക്കാന്‍ മക്ക ഒരുങ്ങി

ജിദ്ദ: കൊവിഡ് വ്യാപനത്തിനു ശേഷം നടക്കുന്ന രണ്ടാമത്തെ ഹജ്ജ് തീര്‍ഥാടനത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ മക്ക ഒരുങ്ങി. കര്‍ശനമായ കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് നടക്കുന്ന ഇത്തവണത്തെ ഹജ്ജ് കര്‍മത്തിന് സൗദിയിലെ താമസക്കാരായ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 60,000 പേര്‍ക്കാണ് ഹജ്ജ് ചെയ്യാന്‍ അവസരം. ജൂലൈ മൂന്നാം വാരത്തിലാണ് ഹജ്ജ് കര്‍മങ്ങള്‍ നടക്കുക.

മക്കയിലും പുണ്യസ്ഥലങ്ങളിലും ഹജ്ജ് ഒരുക്കങ്ങള്‍ കൂടുതല്‍ സജീവമായതായി ഹജ്ജ് ഉംറ കാര്യ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മശാത്ത് അറിയിച്ചു. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട 30ലേറെ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ മികച്ച ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കുള്ള താമസ കേന്ദ്രങ്ങളില്‍ അവസാനഘട്ട ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഅബ പ്രദക്ഷിണത്തിനുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുവാമുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്ന അറഫയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള താമസ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഇത്തവണ വര്‍ധിപ്പിക്കുന്നുണ്ട്. തീര്‍ഥാടകര്‍ തമ്മില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തുന്നതിനുള്ള സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. താമസ സ്ഥലങ്ങളെ തീര്‍ത്ഥാടകരുടെ സ്മാര്‍ട്ട് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ എളുപ്പമാക്കുന്നതിനും താമസ കേന്ദ്രങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനും ഗൂഗിള്‍ മാപ്പില്‍ പ്രത്യേക നിറങ്ങളില്‍ താമസ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുകയും വിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ഹജ്ജ് ദിവസങ്ങളില്‍ തീര്‍ത്ഥാടകര്‍ ചെലവഴിക്കേണ്ട, മിന, മുസ്ദലിഫ, അറഫ, തുടങ്ങിയ പുണ്യസ്ഥലങ്ങളെല്ലാം അണുവിമുക്തമാക്കിയതായി മക്ക മുനിസിപാലിറ്റി അറിയിച്ചു.

കഅബ പ്രദക്ഷിണത്തിനായി ഹറമിലേക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമുള്ള കവാടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കും. ത്വവാഫ് കര്‍മം ചെയ്യുവാനുള്ള ട്രാക്കുകളുടെ എണ്ണം 25 ആയി വര്‍ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി 5,000 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ആരോഗ്യ പരിചരണത്തിനായുള്ള ആശുപത്രികള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ഹെല്‍ത്ത് സെന്ററുകള്‍, ഐസൊലേഷന്‍ റൂമുകള്‍ എന്നീ ക്രമീകരണങ്ങളും തയ്യാറായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു.

 

Top