ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട സ്‌പെഷ്യല്‍ എന്‍.ഐ.എ കോടതി ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡിയുടെ രാജി ആന്ധ്രപ്രദേശ് ഹൈക്കോടതി തള്ളി. അവധി അവസാനിപ്പിച്ച് ഉടന്‍ ജോലിയില്‍ തിരികെയെത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് മക്ക മസ്ജിദ് സ്‌ഫോടനക്കേസിലെ വിധി പുറത്തുവന്നത്. 2007ല്‍ നടന്ന സംഭവത്തില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളെ വെറുതെ വിട്ടുവെന്ന വിധിപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്കകമാണ് കെ രവീന്ദര്‍ റെഡ്ഡി രാജി സമര്‍പ്പിച്ചത്. ഈ രാജിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
വെള്ളിയാഴ്ച നമസ്‌കാരത്തിന് മസ്ജിദില്‍ എത്തിയവരെ ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലോക്കല്‍ പൊലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്.