ആലപ്പുഴ: തുറവൂര്‍ ലെവല്‍ ക്രോസുകളില്‍ യന്ത്രവത്കൃത റെയില്‍വേ ഗേറ്റുകള്‍ സ്ഥാപിച്ചു. സംസ്ഥാനത്തെ ലെവല്‍ ക്രോസുകളില്‍ യന്ത്രവത്കൃത ഗേറ്റുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണു തീരദേശപാതയില്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് രണ്ടിടത്തായി ഗേറ്റുകള്‍ സ്ഥാപിച്ചത്.
ഇരുമ്പ് റോപ്പിന്റെ സഹായത്തോടെയാണു ഗേറ്റ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത്. റോപ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗേറ്റുകള്‍ കാലപ്പഴക്കത്താല്‍ തകരാറിലാകുന്നതു പതിവായിരുന്നു. എന്നാല്‍, പൂര്‍ണമായും യന്ത്രസംവിധാനം കൊണ്ടുവന്നതോടെ ഗേറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ സ്വിച്ച് അമര്‍ത്തിയാല്‍ മതി.ഇതര സംസ്ഥാനങ്ങളില്‍ ഇത്തരം ഗേറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ ആദ്യമായാണു യന്ത്രവത്കൃത ഗേറ്റ് സജ്ജമാക്കുന്നത്. ഗേറ്റ് പ്രവര്‍ത്തിപ്പിക്കുന്ന സ്വിച്ചുകള്‍ ഘടിപ്പിച്ച ബോക്‌സില്‍ത്തന്നെ തീവണ്ടിവരുന്ന സമയത്ത് അലാറം മുഴങ്ങും. ഇതോടെ ഗേറ്റ്മാന്‍ സ്വിച്ച് അമര്‍ത്തിയാല്‍ ഗേറ്റ് താഴും. തീവണ്ടി കടന്നു പോയിക്കഴിഞ്ഞാല്‍ തനിയേ ഗേറ്റ് ഉയരും.
തുറവൂര്‍ – ചാവടി റോഡിനും നാലുകുളങ്ങര – പാട്ടുകുളങ്ങര റോഡിനും കുറുകെയുള്ള ഗേറ്റുകളാണു പൂര്‍ണമായും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. സാധാരണഗതിയില്‍ ഗേറ്റുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും ഗേറ്റ്മാന്‍ നോബ് തിരിക്കുകയാണു ചെയ്യുന്നത്.