നര്‍മദാ ബച്ചാവോ ആന്തോളന്‍ സമര നേതാവ് മേധാ പട്കര്‍ക്കു ജാമ്യം അനുവദിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: നര്‍മദാ ബച്ചാവോ ആന്തോളന്‍ സമര നേതാവ് മേധാ പട്കര്‍ക്കു ജാമ്യം.

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചാണ് ഒരാളുടെ ജാമ്യത്തിലും 40,000 രൂപയുടെ ബോണ്ടിലും മേധാ പട്കര്‍ക്കു ജാമ്യം അനുവദിച്ചത്.

നിരാഹാരസമരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനാലാണ് മേധയെ ഇക്കഴിഞ്ഞ ഒന്‍പതിന് അറസ്റ്റു ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ബന്ദിയാക്കി എന്ന കുറ്റമാണ് മേധയ്‌ക്കെതിരേ ചുമത്തിയിരുന്നത്.

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ വെള്ളത്തിനടിയിലാകുന്ന പടിഞ്ഞാറന്‍ മധ്യപ്രദേശിലെ ഗ്രാമമായ ചിക്കാല്‍ദയില്‍ 12 ദിവസം നിരാഹാര സമരം അനുഷ്ഠിച്ചതിനെ തുടര്‍ന്നാണ് മേധയെ പോലീസ് അറസ്റ്റ് ചെയ്തത്. പദ്ധതി പ്രദേശത്തെ ജനങ്ങളെ നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കുന്നതിനെതിരേയായിരുന്നു മേധാ പട്കര്‍ അടക്കമുള്ള നേതാക്കളുടെ സമരം.

മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുന്നൂറോളം ഗ്രാമങ്ങള്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതോടെ മുങ്ങിപ്പോകുമെന്നാണ് കരുതപ്പെടുന്നത്. 13,542 ചതുരശ്ര ഹെക്ടര്‍ വനവും 11,279 ചതുരശ്ര ഹെക്ടര്‍ കൃഷി ഭൂമിയും നശിക്കും.

പദ്ധതി നര്‍മദാതടത്തിലെ ആദിവാസികള്‍ അടക്കം അരലക്ഷത്തോളം കുടുംബങ്ങളെയാണ് ദോഷകരമായി ബാധിക്കുക.

Top