media activist facebook post-evidence of facts and arguments against finance minister

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നെന്ന പ്രതിപക്ഷ ആരോപണം ദൃഢപ്പെടുത്തി മാധ്യമ പ്രവര്‍ത്തകന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഇന്ന് പുറത്തിറങ്ങിയ മെട്രോ വാര്‍ത്തയിലെ ബജറ്റിനെക്കുറിച്ചുള്ള പ്രധാന വാര്‍ത്തയെ ഉദ്ധരിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ആര്‍ സന്ദീപ് ധനമന്ത്രിയെ പ്രതികൂട്ടിലാക്കിയിരിക്കുന്നത്.

ബജറ്റല്ല മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള കുറിപ്പ് മാത്രമാണ് ചോര്‍ന്നതെന്ന ധനമന്ത്രിയുടെ വാദത്തെ പൊളിക്കുന്ന തെളിവുകളുമായാണ് സന്ദീപിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

മെട്രോ വാര്‍ത്തയില്‍ ചരക്ക് കയറ്റുമതിക്കുള്ള പായ്ക്കിങ്ങ് നികുതി ഒഴിവാക്കും എന്നതാണ് വാര്‍ത്ത. എന്നാല്‍ ഇതേ വാചകഘടന തന്നെയാണ് ബജറ്റ് പ്രസംഗത്തിലെ 130ാം പേജിലെ 277ാം ഖണ്ഡികയിലും ഉള്ളത്. ഇത് രണ്ടും ഒന്നായത് യാദ്യശ്ചികമാണോ? എന്നാണ് സന്ദീപിന്റെ ചോദ്യം.

PicsArt_03-03-05.21.08PicsArt_03-03-05.08.03

കൂടാതെ സോളാര്‍ പാനലുകളുടെ കരാര്‍ നികുതി വര്‍ധിപ്പിക്കുന്നു എന്ന വാര്‍ത്തയും മെട്രോ വാര്‍ത്തയില്‍ വന്നത് അതിശയോക്തിയാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ബജറ്റ് പ്രസംഗത്തിലെ 127ാം പേജിലെ 276ാം ഖണ്ഡികയില്‍ ഇക്കാര്യം പ്രതിബാധിക്കുന്നതും സന്ദീപ് ചൂണ്ടികാട്ടി.

PicsArt_03-03-05.06.04
PicsArt_03-03-05.25.59

ധനകാര്യ മന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധം വന്‍ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

തോമസ് ഐസക്കിന്റെ ബജറ്റ് അവതരണത്തിനിടെ ബജറ്റിലെ പ്രസക്ത ഭാഗങ്ങളുടെ പകര്‍പ്പുമായി പ്രതിപക്ഷം പ്രതിഷേധ പ്രകടനം നടത്തുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ബജറ്റ് ചോര്‍ന്നിട്ടില്ലന്നും ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് കൊടുക്കാന്‍ നിശ്ചയിച്ചിരുന്ന കുറിപ്പാണ് പുറത്ത് വന്നതെന്നുമായിരുന്നു ധന മന്ത്രി വിശദീകരിച്ചിരുന്നത്. ഇതിനെയാണിപ്പോള്‍ മാധ്യമ പ്രവര്‍ത്തകന്‍ ഫേസ് ബുക്കിലൂടെ ചോദ്യം ചെയ്തിരിക്കുന്നത്.

ബജറ്റ് വിവരങ്ങള്‍ പുറത്തുവന്ന സംഭവത്തില്‍ പരമാവധി പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ബജറ്റ് ചോര്‍ന്ന സാഹചര്യത്തില്‍ ധനമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.

അതേസമയം ബജറ്റ് ചോര്‍ന്നിട്ടില്ലന്നും സാധാരണഗതിയില്‍ ബജറ്റ് അവതരണം പൂര്‍ത്തിയായശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കാറുള്ള ബജറ്റ് ഹൈലൈറ്റ്‌സ്, ബജറ്റ് അവതരണം പുരോഗമിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ലഭിക്കുകയായിരുന്നുവെന്ന വിവരവും ഇതിനകം പുറത്തായിട്ടുണ്ട്.

അത്തരത്തില്‍ ആ ഗ്രൂപ്പുകളില്‍ വന്ന ബജറ്റ് ഹൈലൈറ്റ്‌സ് ആ ഗ്രൂപ്പുകളില്‍ ഉള്ള പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പ്രിന്റെടുത്ത് ബജറ്റ് പൂര്‍ണമായും ചോര്‍ന്നുവെന്നു തെറ്റിദ്ധരിപ്പിച്ച് നിയമസഭക്ക് ഉള്ളിലുണ്ടായിരുന്ന പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കുകയായിരുന്നുവത്രെ.

തലസ്ഥാനത്തെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഈ വാദം ശരിയാണെന്ന് സ്ഥിരീകരിക്കുമ്പോഴും മെട്രോ വാര്‍ത്തയില്‍ വന്ന ബജറ്റ് വാര്‍ത്ത ശരിയായ ചോര്‍ത്തല്‍ തന്നെയാണെന്നും അഭിപ്രായപ്പെടുന്നുണ്ട്.

Top